ന്യൂസീലന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ അടുത്തമാസം സ്ഥാനമൊഴിയും. ഒക്ടോബര്‍ 14-ന് ന്യൂസീലന്റില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജസിന്‍ഡയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്നും അവര്‍ അറിയിച്ചു. അടുത്ത മാസം ഏഴിന് ലേബര്‍ പാര്‍ട്ടി നേതാവ് എന്ന സ്ഥാനവും ജസിന്‍ഡ ഒഴിയും. പകരക്കാരനെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും.
എന്നെ സംബന്ധിച്ചിടത്തോളം സമയമായി. ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം കാലം നമ്മള്‍ പ്രവര്‍ത്തിക്കും, അതിനു ശേഷം സമയമാകും. ഇപ്പോള്‍ സമയമായി. ഈ ഒരു പദവി ഒരു ഉത്തരവാദിത്വമാണ്. രാജ്യത്തെ നയിക്കാന്‍ നിങ്ങള്‍ എപ്പോഴാണ് ഉചിതമെന്നും എപ്പോഴാണ് ഉചിതമല്ലാത്തതെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്വം. ഈ പദവി എന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുപോലെ ഇനി ഇത് നീതികരമായി നിര്‍വഹിക്കാനാകില്ലെന്നും. അതിനാലാണ് പദവി ഒഴിയുന്നത്. ഇനിയൊരു തിരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജ്ജമില്ല’ എന്നാണ് ജസിന്‍ഡ പറഞ്ഞത്. രാജിയ്ക്ക് പിന്നില്‍ മറ്റൊരു രഹസ്യവുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുമെന്നും ജസിന്‍ഡ അറിയിച്ചു. 2017-ല്‍ തന്റെ 37-ാം വയസ്സില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസിന്‍ഡ. 2017-ല്‍ സഖ്യ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ജസിന്‍ഡ മൂന്നു വര്‍ഷത്തിനിപ്പുറം തന്റെ കക്ഷിയായ ലേബര്‍ പാര്‍ട്ടിയെ വമ്പിച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രിയായി.