Tuesday, November 26, 2024

അസമത്വവും പണപ്പെരുപ്പവും ഊര്‍ജപ്രതിസന്ധിയും; ജനജീവിതം താളംതെറ്റുന്നു; ലോക സാമ്പത്തിക ഫോറത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍

വര്‍ധിച്ചുവരുന്ന അസമത്വവും കുതിച്ചുയരുന്ന പണപ്പെരുപ്പവും ഊര്‍ജപ്രതിസന്ധിയും ജനജീവിതത്തെ താളംതെറ്റിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയേ ഗുട്ടെറസ്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനവും മനുഷ്യനിര്‍മിതമായ യുദ്ധങ്ങളും ദുരിതങ്ങളാണ് സൃഷ്ടിക്കുന്നത്. ഭൂമിയുടെ താപനില 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താനുള്ള ആഗോള പ്രതിബദ്ധത പ്രഖ്യാപനത്തില്‍ ഒതുങ്ങരുത്. പരസ്പരബന്ധിതമായ നിരവധി വെല്ലുവിളികളാണ് ലോകം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

30 രാജ്യങ്ങളില്‍നിന്നായി 2700 നേതാക്കളാണ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. ഇതില്‍ 52 പേര്‍ രാഷ്ട്രത്തലവന്മാരാണ്. ധനം, ഊര്‍ജം, ലോഹം, അടിസ്ഥാനസൗകര്യം, ഐടി തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ അറുനൂറോളം സിഇഒമാരും പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം, റഷ്യ-യുക്രയ്ന്‍ യുദ്ധം, സാമ്പത്തിക, ഊര്‍ജ, ഭക്ഷ്യമേഖലകളിലെ പ്രതിസന്ധികള്‍ എന്നിവയാണ് പ്രധാന ചര്‍ച്ചാവിഷയം.

കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, സ്മൃതി ഇറാനി, ആര്‍ കെ സിങ്, മന്‍സൂഖ് മാണ്ഡവ്യ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, തമിഴ്‌നാട്, തെലങ്കാന മന്ത്രിമാര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. 20നു സമാപിക്കും.

 

Latest News