ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട വെള്ളിമൂങ്ങയെയാണ് കാക്കകൾ ആക്രമിച്ച് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ പരിസരത്തെത്തിച്ചത്. രാവിലെ വിദ്യാർത്ഥികൾ സ്കൂളിലെത്തുമ്പോൾ ഇത് ശ്രദ്ധയിൽപെടുകയായിരുന്നു. ഒരു വർഷം മുൻപ് ദേശീയ പക്ഷിനിരീക്ഷണ ദിനത്തിൽ പ്രമുഖ പക്ഷിനിരീക്ഷകൻ പി.ജെ.ജോർജും ഈ അദ്ധ്യയനവർഷത്തിൽ അതേ ദിനത്തിൽ കോട്ടയം നേച്ചർ സൊസൈറ്റിയിൽ നിന്ന് പ്രദീപ് ഐമനവും പകർന്നുനൽകിയ പാഠങ്ങളാണ് അവർ ഓർത്തത്.
ഏതിനം പക്ഷിയാണെന്ന് പരിസരവാസികളിൽ നിന്നും മനസ്സിലാക്കിയ വിദ്യാർത്ഥികൾ വെള്ളിമൂങ്ങയെ കാക്കകളിൽ നിന്ന് സംരക്ഷിച്ച് സുരക്ഷിതവലയത്തിലാക്കി. വനം വകുപ്പ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ വിവരം അറിയിച്ച് കിട്ടിയ ഇടവേളയിൽ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂളിലെത്തിയ അതിഥിയെ നേരിൽ കാണാൻ അവസരമൊരുക്കി. പിന്നെ, വനം വകുപ്പ് ഉദ്യോഗസ്ഥർ വരുവോളം ആരും ശല്യപ്പെടുത്താതെ ഒരു പകൽ വെള്ളിമൂങ്ങയ്ക്ക് സ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ കാവൽ. മിന്നുവെന്ന് പേരിട്ട് വിളിച്ച പ്രിയ മിത്രത്തെ കൊണ്ടുപോകാൻ വനം വകുപ്പ് ചുമതലപ്പെടുത്തിയ പാമ്പുപിടുത്ത വിദഗ്ധൻ നസീബ് വട്ടക്കയം എത്തി. വരും വഴി ഈരാറ്റുപേട്ട നടയ്ക്കൽ നിന്ന് പിടികൂടിയ വലിയ മൂർഖൻ പാമ്പിനെ ഭരണിയിൽ ഒരു വശത്തും വെള്ളിമൂങ്ങയെ പെട്ടിയിൽ മറുവശത്തും വച്ച് നസീബ് യാത്രയാകുമ്പോൾ കുട്ടികൾ സങ്കടത്തോടെ സ്കൂൾവിട്ടു മടങ്ങി.
കടപ്പാട്: സോഷ്യൽ മീഡിയ