പശ്ചിമഘട്ടത്തില്‍ കൂടുതലായി കാണുന്ന മാവേലിത്തവള അഥവാ പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചേക്കും. വ്യാഴാഴ്ച ചേരുന്ന വനം വന്യജീവി ഉപദേശക ബോര്‍ഡിന്റെ വാര്‍ഷികയോഗത്തില്‍ തീരുമാനമുണ്ടായേക്കും. വനംവകുപ്പ് ഇതുസംബന്ധിച്ച് നേരത്തേ ശുപാര്‍ശ നല്‍കിയിരുന്നു.
ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിലെ സുവോളജി വിഭാഗം അദ്ധ്യാപകന്‍ ഡോ. സന്ദീപ് ദാസാണ് പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. പി.എസ് ഈസയും ഇതിനൊപ്പം ചേര്‍ന്നു.
പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന ഇനമാണ് പാതാളത്തവള. പന്നിമൂക്കന്‍ എന്നും ഇതിന് പേരുണ്ട്. മണ്ണിനടിയില്‍ ജീവിക്കുന്ന ഇവ വര്‍ഷത്തിലൊരിക്കല്‍ പ്രജനനം നടത്താന്‍ വേണ്ടി മാത്രമാണ് ഭൂമിക്ക് മുകളിലേക്ക് വരിക. ‘നാസികബട്രാക്കസ് സഹ്യാദ്രെന്‍സിസ്’ എന്നാണ് പര്‍പ്പിള്‍ ഫ്രോഗിന്റെ ശാസ്ത്രീയനാമം. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്നവയാണിവ. 80 മുതല്‍ 120 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പേ ഇവ പരിണമിച്ചിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷെല്‍സില്‍മാത്രം കാണപ്പെടുന്ന ‘സൂഗ്ലോസിഡോ’ എന്ന കുടുംബത്തിലെ തവളകളുമായി പാതാളത്തവളയ്ക്ക് ബന്ധമുണ്ടെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിലൂടെ പശ്ചിമഘട്ടത്തിലെ ഇവയുടെ ആവാസസ്ഥലം സംരക്ഷിക്കപ്പെടും. മാത്രമല്ല, ഇതോടൊപ്പം പശ്ചിമഘട്ടത്തിലെ മറ്റു ജീവജാലങ്ങളും സംരക്ഷിക്കപ്പെടുമെന്നതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം വനംവകുപ്പ് മുന്നോട്ടു വച്ചത്.