Tuesday, November 26, 2024

നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച് നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ കരടാണ് കാബിനറ്റ് അംഗീകരിച്ചത്. ജനുവരി 23 നാണ് നയപ്രഖ്യാപനം നടക്കുക.

ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് രൂക്ഷമായിരുന്നതിനാൽ എഴാം സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കിയായിരുന്നു നടപടികള്‍. എന്നാല്‍ നിലവില്‍ ഗവര്‍ണറുമായുള്ള തര്‍ക്കത്തിന് താത്ക്കാലിക ശമനം വന്നതിനെ തുടര്‍ന്നാണ് സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം ഉള്‍പ്പെടുത്താന്‍ തീരുമാനമായത്.

സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കുന്നതടക്കം വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. എന്നാല്‍ കേന്ദ്രത്തിനെതിരെയുള്ള വിമര്‍ശനം ഗവര്‍ണര്‍ ഒഴിവാക്കാനാണ് സാധ്യത. ജനുവരി 25 -ന് ഗവർണറുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻമേലുള്ള ചർച്ചയും നടക്കും.

അതേസമയം ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരണവും ആറുമുതല്‍ എട്ടുവരെ ബജറ്റിന്മേലുള്ള ചര്‍ച്ചയും നടത്താനാണ് കാബിനറ്റിന്‍റെ തീരുമാനം. മാർച്ച് 30 ന് സമ്മേളനം അവസാനിക്കും വിധം സഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.

Latest News