Tuesday, November 26, 2024

മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി താലിബാന്‍

മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി താലിബാന്‍. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് നാല് പേരുടെ കൈ മോഷണക്കുറ്റം ആരോപിച്ച് വെട്ടി മാറ്റിയത്. കഴിഞ്ഞ ചൊവ്വാഴ്ച അഹമ്മദ് ഷാഹി സ്റ്റേഡിയത്തില്‍ വെച്ചും താലിബാന്‍ പ്രാകൃത ശിക്ഷ നടപ്പാക്കിയിരുന്നു.

കവര്‍ച്ചയും സ്വവര്‍ഗരതിയും ആരോപിച്ച് ഒന്‍പത് പേരെ പൊതു സ്ഥലത്തുവെച്ച് ചാട്ടവാറിനടിച്ചു. പ്രദേശവാസികള്‍ നോക്കി നില്‍ക്കെയാണ് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അഹമ്മദ് ഷാഹി സ്റ്റേഡിയത്തില്‍ ശിക്ഷ നടപ്പാക്കിയത്.

35-39 തവണ ഓരോരുത്തരെയും ചാട്ടവാറിനടിച്ചതായി പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ഹാജി സായിദ് പറഞ്ഞു. അതേസമയം പ്രാകൃതമായ ശിക്ഷാ രീതിക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ആളുകളെ ചാട്ടവാറിനടിക്കുന്നതും കൈ വെട്ടുന്നതുമെല്ലാം കൃത്യമായ വിചാരണ ഇല്ലാതെയാണെന്നും ഇത് മനുഷ്യവിരുദ്ധമാണെന്നും അഫ്ഗാന്‍ മുന്‍ പുനരധിവാസ വകുപ്പ് മന്ത്രിയുടെ നയതന്ത്ര ഉപദേഷ്ടാവ് ഷബ്‌നം നസീമി കുറ്റപ്പെടുത്തി.

‘ജനങ്ങളുടെ മുന്നിലിട്ടാണ് നാല് പേരുടെ കൈ വെട്ടിയത്. ന്യായമായ വിചാരണയും നടപടിക്രമങ്ങളും കൂടാതെ അഫ്ഗാനിസ്ഥാനില്‍ ആളുകളെ തല്ലുകയും വെട്ടിമുറിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഇത് മനുഷ്യാവകാശ ലംഘനമാണ്’- ഷബ്‌നം നസീമി ട്വിറ്ററില്‍ കുറിച്ചു.

അന്താരാഷ്ട്ര തലത്തില്‍ അപലപിക്കപ്പെട്ടിട്ടും പ്രാകൃതമായ ശിക്ഷാരീതികള്‍ തുടരുന്ന താലിബാനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മോഷണം, അവിഹിത ബന്ധം, സാമൂഹിക പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം എന്നിവയുള്‍പ്പെടെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്ക് 20 ഉം 100 ഉം ചാട്ടവാറടികളാണ് അഫ്ഗാനിസ്ഥാനില്‍ വിധിക്കുന്നത്. ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തില്‍ പാതു സ്ഥലത്തുവെച്ചാണ് ശിക്ഷ നടപ്പാക്കുക.

 

 

Latest News