Monday, November 25, 2024

യുഎന്‍ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനില്‍ സന്ദര്‍ശനം നടത്തി; സ്ത്രീകള്‍ക്കെതിരായ നയങ്ങളില്‍ താലിബാന് രൂക്ഷവിമര്‍ശനം

സ്ത്രീകളോടുള്ള താലിബാന്റെ സമീപനത്തെ നിശിതമായി വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ. അഫ്ഗാനിസ്ഥാനില്‍ യുഎന്‍ അംഗങ്ങള്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷമാണ് യുഎന്‍ നിലപാട് വ്യക്തമാക്കിയത്.

2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരം പിടിച്ചെടുത്തത്. അതിനു ശേഷം സ്ത്രീകള്‍ക്ക് വലിയ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. അടുത്തിടെ സെക്കന്‍ഡറി വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പൊതുമേഖലാ ജോലികള്‍, പാര്‍ക്കുകളിലെ സന്ദര്‍ശനം, എന്നിവയില്‍ നിന്നെല്ലാം താലിബാന്‍ സ്ത്രീകളെ വിലക്കിയിരുന്നു.

”സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും താലിബാന്‍ നിഷേധിച്ചു,” യുഎന്‍ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്രയൊക്കെ ചെയ്തിട്ടും അവര്‍ക്കായി എന്തെങ്കിലും രണ്ട് നല്ല കാര്യങ്ങള്‍ ചെയ്തു എന്നു പറയുന്നത് ന്യായീകരിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയാണ് യുഎന്‍ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനില്‍ എത്തിയത്. കാബൂളിലും കാണ്ഡഹാറിലുമായി നാല് ദിവസങ്ങളിലായി നടത്തിയ സന്ദര്‍ശനത്തിനിടെ താലിബാന്‍ ഉദ്യോഗസ്ഥരുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി.

”സ്ത്രീകള്‍ക്ക് താബിലാന്‍ ചില സുപ്രധാനമായ ഇളവുകള്‍ നല്‍കി എന്ന കാര്യം ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ അവര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അഫ്ഗാനിലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും അവരുടെ സ്വന്തം വീടുകളില്‍ മാത്രമായി ഒതുക്കും. അവകാശങ്ങളെല്ലാം ലംഘിക്കുന്ന ഇത്തരം നിയന്ത്രങ്ങള്‍ അവരുടെ ഒരു ഭാവിയാണ് നശിപ്പിക്കുന്നത്”, യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മുഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം മനുഷ്യത്വ രഹിതമായ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അമേരിക്ക ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരുന്നു.

യുഎന്‍ രക്ഷാ സമിതിയിലെ പതിനൊന്ന് അംഗ സമിതി താലിബാന്റെ സ്ത്രീവിരുദ്ധ നയത്തിനെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ അംഗങ്ങളടങ്ങിയ സമിതിയാണ് സ്ത്രീകള്‍ക്കെതിരെയുള്ള വിലക്കുകള്‍ താലിബാന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കിയത്.

എന്നാല്‍ തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് താലിബാന്‍ സര്‍ക്കാര്‍. സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന നയങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാല്ലെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

 

Latest News