Monday, November 25, 2024

കലി തീരാതെ കാട്ടുകൊമ്പന്‍; കൂട് പൊളിക്കാന്‍ ശ്രമം നടത്തി

പാലക്കാട്ട് ജനങ്ങളുടെയും വനംവകുപ്പിന്റെയും ഉറക്കം കെടുത്തിയ ‘പിടി 7’ കൂട്ടിലും ആക്രമണശാലി എന്ന് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. മയക്കുവെടി വച്ച് തളച്ച കൊമ്പന്‍ കൂട് പൊളിക്കാന്‍ കടുത്ത ശ്രമം നടത്തിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 48 മണിക്കൂര്‍ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പിടി 7 എന്ന കാട്ടുകൊമ്പനെ ഉദ്യോസ്ഥര്‍ കൂട്ടിലടച്ചത്.

ജില്ലയിലെ ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ കഴിഞ്ഞ നാലു വര്‍ഷമായി നാശനഷ്ടങ്ങളുണ്ടാക്കിയ കൊമ്പനാണ് പിടി 7. ജനവാസ കേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കി കാടുകയറുന്ന രീതിയായിരുന്നു കൊമ്പന്റേത്. റോഡില്‍ നില ഉറപ്പിച്ചിക്കുന്ന പിടി 7 യാത്രക്കാര്‍ക്കും ഭീഷണിയായിരുന്നു. കൊമ്പന്റെ ആക്രമണം തുടരുന്നതില്‍ വ്യാപക പരാതി ലഭിച്ചതിനെ തുടര്‍ന്ന് കൊമ്പനെ പിടികൂടാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ, നാലു മണിക്കൂര്‍ നീണ്ട ശ്രമകരമായ ദൗത്യത്തിലൂടെ കൊമ്പനെ മയക്കുവെടി വച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പിടി 7 നെ കൂട്ടിലേക്കു മാറ്റിയെങ്കിലും മയക്കം വിട്ടതോടെ ആക്രമണശാലിയായി. നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്ത കൊമ്പന് ഇന്നു മുതല്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണം നല്‍കും. മയക്കുവെടി വച്ചതിനെ തുടര്‍ന്ന് പച്ചവെള്ളം മാത്രമായിരുന്നു നല്‍കിയിരുന്നത്. ആനയ്ക്കായി പ്രത്യേകം പാപ്പാനേയും കുക്കിനെയും നിയമിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

അതേസമയം, പി ടി സെവന്റെ പേര് ധോണി എന്ന് പുനര്‍നാമകരണം ചെയ്തു. ക്യാമ്പില്‍ 140 യൂക്കാലിപ്സ് മരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച കൂട്ടിലാണ് കൊമ്പന്റെ വാസം.

Latest News