Monday, November 25, 2024

ഗുജറാത്ത് കലാപത്തിന്റെ കൂടുതല്‍ വിവരങ്ങള്‍; ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ രണ്ടാം ഭാഗം ബിബിസി ഇന്ന് പുറത്തിറക്കും

ഗുജറാത്ത് വംശഹത്യയെകുറിച്ചുളള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും. വംശഹത്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ രണ്ടാം ഭാഗത്ത് ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ മറികടന്ന് ആണ് രണ്ടാം ഭാഗം ബിബിസി പുറത്തിറക്കുന്നത്. ആദ്യ ഭാഗത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തുകയും യൂട്യൂബിലും ട്വിറ്ററില്‍ നിന്നും ലിങ്കുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ടാം ഭാഗവുമായി ബിബിസി വരുന്നത്.

ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെ ലിങ്കുകള്‍ ഷെയര്‍ ചെയ്ത് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. ജെഎന്‍യു സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രദര്‍ശനം വിലക്കി സര്‍വകലാശാല സര്‍ക്കുലര്‍ ഇറക്കി.

കേരളത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐയും സിപിഐഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാറും ഇന്നലെ പറഞ്ഞിരുന്നു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്നതാണ് ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി. കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബിബിസി ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.

 

 

 

Latest News