Monday, November 25, 2024

കാന്‍സര്‍ ചികിത്സയ്ക്ക് നോനിപ്പഴം ഫലപ്രദമോ?

ഡോ. ജോജോ വി. ജോസഫ്‌

നോനിപ്പഴം കാന്‍സറിനുള്ള ഒറ്റമൂലിയാണോ? അല്ല എന്നാണ് കൃത്യമായ ഉത്തരം. നോനിപ്പഴം സ്ഥിരമായി ചികിത്സക്കു വേണ്ടി ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കാരണം വളരെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വിവിധ ആല്‍ക്കലോയിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് കാരണം. ഡോ. ജോജോ ജോസഫ് എഴുതുന്നു.

പെരുമ്പാവൂര്‍കാരനായ ബഷീര്‍ ആണ് എനിക്ക് നോനിപ്പഴത്തിനെ പരിചയപ്പെടുത്തുന്നത്. അഞ്ചു വര്‍ഷം മുമ്പ് റെക്ടല്‍ കാന്‍സറിനു സര്‍ജറി ചെയ്ത പരിചയമാണ് ബഷീറിന് എന്നെ. രോഗം പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ സര്‍ജറി മാത്രമേ ആവശ്യമായി വന്നിരുന്നുള്ളൂ. അഞ്ചു വര്‍ഷം കഴിഞ്ഞുള്ള കോളോണോസ്‌കോപ്പി ചെക്കപ്പ്, ട്യൂമര്‍ മാര്‍ക്കര്‍ എന്നിവക്കായി വന്നപ്പോള്‍ എനിക്ക് ഒരു ചെടിയുടെ തൈയും ഒരു ചെറിയ പാക്കറ്റ് പച്ചനിറത്തിലുള്ള മെലിഞ്ഞ ആത്തപ്പഴം പോലെയുള്ള ഒരു പഴവും സമ്മാനമായി തന്നു. പിന്നെ ഈ പഴത്തിനെക്കുറിച്ചും ചെടിയെക്കുറിച്ചും ഒറ്റശ്വാസത്തില്‍ കുറേ കാര്യങ്ങളും. അവസാനത്തെ ഡയലോഗ് ഇങ്ങനെയായിരുന്നു: ‘സാറേ, എനിക്ക് സര്‍ജറിക്കു ശേഷം കീമോ ഒന്നും തന്നില്ലെങ്കിലും രോഗം ഭേദമായത് അദ്ദേഹം എനിക്കു തന്ന നോനിപ്പഴം കഴിച്ചതുകൊണ്ടാണ്’ എന്ന്.

വീട്ടില്‍ കൊണ്ടുപോയി ഞാന്‍ കഴിച്ചുനോക്കി. ചവര്‍പ്പും വൃത്തികെട്ട നാറ്റവും അല്‍പം പുളിയുമുള്ള ഒരു രുചിയാണ് തോന്നിയത്. അതിനാല്‍ ഞാന്‍ കഴിച്ചില്ല. കേട്ടിട്ടില്ലാത്ത ഒരു ചെടി ആയതിനാല്‍ നാട്ടിലെ പറമ്പില്‍ അത് കുഴിച്ചുവയ്ക്കുകയും ചെയ്തു. ഞാന്‍ സംഭവം മറക്കുകയും ചെയ്തു.

എന്നാല്‍ അടുത്തിടെ ബഷീറിന്റ ഒരു സുഹൃത്തിന്റെ ഭാര്യയെ ബ്രസ്റ്റ് കാന്‍സര്‍ ചികിത്സക്കായി എന്റെ അടുത്ത് കൊണ്ടുവരികയുണ്ടായി. ബ്രസ്റ്റ് നീക്കം ചെയ്യാതെയുള്ള ശസ്ത്രക്രിയക്കു ശേഷം കീമോ തെറാപ്പിക്ക് മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. രണ്ടാഴ്ചയ്ക്കു ശേഷം ഞാന്‍ ഒ.പി -യില്‍ കയറാന്‍ ചെല്ലുമ്പോള്‍ ബഷീര്‍ വാതില്‍ക്കല്‍ നില്‍പ്പുണ്ട്. നമ്മുടെ പേഷ്യന്റിന് ഭയങ്കര ക്ഷീണം. മൂത്രം മഞ്ഞക്കളറിലാണ് പോകുന്നത്. ഛര്‍ദ്ദിയുമാണ്; പനിയില്ലതാനും.

കീമോ തുടങ്ങാന്‍ പറഞ്ഞ തീയതി ആയപ്പോഴേക്കും ക്ഷീണം തുടങ്ങി. പരിശോധനയില്‍ മഞ്ഞപ്പിത്തമാണ്; കരള്‍വീക്കവും ഉണ്ട്. നെഫ്രോളജിസ്റ്റിന് ആദ്യം കാര്യങ്ങളൊന്നും മനസിലായില്ല. പോഷകമൂല്യമുള്ള ഭക്ഷണവും സപ്പോര്‍ട്ടീവ് കെയറും (Supportive Care) ആണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. അപ്പോള്‍ ബഷീര്‍ പറഞ്ഞു: കീമോതെറാപ്പിക്ക് പ്രശ്നമുണ്ടാകാതിരിക്കാന്‍ ഒരാഴ്ചയായി ദിവസവും നോനിപ്പഴം കഴിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞ കാര്യം, യാതൊരു വിഷമയമില്ലാതെ സ്വന്തം വീട്ടില്‍ വളര്‍ത്തിയതാണ് അത് എന്ന്. എനിക്ക് എന്തോ പന്തികേട് തോന്നി.

അങ്ങനെ നോനിപ്പഴത്തിനെക്കുറിച്ച് വിശദമായി പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ കണ്ടെത്തിയ വിവരങ്ങളാണ് ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

മൊറിന്‍ഡ സിട്രിഫോളിയ (Morinda citrifolia) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കാപ്പിച്ചെടിയുടെ വിഭാഗത്തില്‍പെടുന്ന ഒരു കുറ്റിച്ചെടിയാണ് നോനിമരം. ആസ്ട്രേലിയ, സൗത്ത് ഏഷ്യ, പസഫിക്കിലെ ചില ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. പല സ്ഥലങ്ങളില്‍ പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. മലേഷ്യയില്‍ നോനി അറിയപ്പെടുന്നത് ‘മെന്‍ഗേന്ദു’ (Mengkndu) എന്ന പേരിലാണ്. നമ്മുടെ രാജ്യത്ത് നോനി ഇന്ത്യന്‍ മള്‍ബറി, ബീച്ച് മള്‍ബറി, ചീസ്ഫ്രൂട്ട്, ഗ്രേറ്റ് മൊറിന്‍ഡ എന്നൊക്കെയാണ് വിളിക്കുന്നത്.

1700 -കളില്‍ ജെയിംസ് കുക്ക്, നോനിപ്പഴം സൗത്ത് പസഫിക് ദ്വീപസമൂഹത്തില്‍ ഭക്ഷണത്തിനായും മരുന്നിനായും ഉപയോഗിച്ചിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹമാണ് ഈ ചെടി യൂറോപ്പില്‍ എത്തിച്ചത്.

സ്വദേശീയരായ ഓസ്ട്രേലിയക്കാര്‍ ഈ ചെടിയെ സര്‍വ്വരോഗസംഹാരിണി ആയിട്ടാണ് കരുതിയിരുന്നത്. നോനിപ്പഴം കൂടാതെ ചെടിയുടെ ഇല, തണ്ട്, വേര് എല്ലാം ഇവര്‍ ഉപയോഗിച്ചിരുന്നു.

വിരയിളക്കുക, സന്ധിവേദന തുടങ്ങി കാന്‍സര്‍ വരെ നോനിപ്പഴം ഉപയോഗിച്ച് ചികിത്സിക്കാറുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ഇതുവരെ തെളിവുകളോ, ആധികാരിക പഠനങ്ങളോ നടന്നിട്ടില്ല.

എന്തൊക്കെയാണ് നോനിപ്പഴത്തില്‍ ഉണ്ടാവുക?

100 മില്ലി ലിറ്റര്‍ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

The nutrients in 3.5 ounces (100 ml) of Tahitian Noni Juice are:

Calories: 47 calories
Carbs: 11 grams
Protein: less than 1 gram
Fat: less than 1 gram
Sugar: 8 grams
Vitamin C: 33% of the Reference Daily Intake (RDI)
Biotin: 17% of the RDI
Folate: 6% of the RDI
Magnesium: 4% of the RDI
Potassium: 3% of the RDI
Calcium: 3% of the RDI
Vitamin E: 3% of the RDI

എന്നിവ കൂടാതെ ബീറ്റാ കരോട്ടിന്‍ (Beta Carotene), ഇറിഡോയ്ഡ് (Iridoid) എന്നീ ആന്റീ ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇതെല്ലാം ശരീരത്തിന് ആവശ്യമുള്ളതല്ലേ. അപ്പോള്‍ നോനിപ്പഴം കഴിച്ചാല്‍ എന്താണ് കുഴപ്പം എന്ന് പലരും ചോദിച്ചേക്കാം.

വല്ലപ്പോഴും ഒരു നോനിപ്പഴം കഴിച്ചാല്‍ യാതൊരു കുഴപ്പവും സാധാരണ ഉണ്ടാവാറില്ല. ഇത് സ്ഥിരമായി ഒരു ചികിത്സക്കായി ഉപയോഗിക്കുമ്പോഴാണ് അപകടകരമാവുന്നത്. കാരണം വളരെ സീരിയസ് ആയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വിവിധ ആല്‍ക്കലോയിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് പ്രശ്‌നം. അതായത്, ഗുണങ്ങളുണ്ടെങ്കിലും അതില്‍ കൂടുതല്‍ ദോഷമുണ്ടാക്കുന്ന ഘടകങ്ങളും നമ്മുടെ ശരീരത്ത് പ്രവേശിക്കുന്നു.

ആധുനിക വൈദ്യശാസ്ത്രം ഒരിക്കലും ഏതെങ്കിലും സ്വാഭാവിക പരിഹാരമാര്‍ഗ്ഗത്തിന് (Natural Remedy) എതിരല്ല. കാന്‍സറിന് ഉപയോഗിക്കുന്ന മരുന്നുകള്‍ പലതും ചെടികളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നവയാണ്. ഉദാഹരണത്തിന് ‘വിന്‍ക ആല്‍ക്കലോയ്ഡ്’ (Vinca alkaloid) എന്ന കാന്‍സര്‍ മരുന്ന് ‘ആദം ഹവ്വ’ എന്നു വിളിക്കുന്ന ചെടിയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നതാണ്. അതായത്, നമുക്ക് ആവശ്യമുള്ള മരുന്ന്, ചെടിയില്‍ നിന്നും വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കുക. അല്ലാതെ ചെടിയോ, വേരോ മുഴുവന്‍ ഇടിച്ചുപിഴിഞ്ഞ് ഉപയോഗിക്കുകയല്ല ചെയ്യുന്നത്. കാരണം, ഇങ്ങനെ ചെയ്താല്‍ പല അപകടകാരിയായ ആല്‍ക്കലോയിഡുകളും ശരീരത്തില്‍ പ്രവേശിക്കും.

ഇനി നോനിപ്പഴം സ്ഥിരമായി കഴിച്ചാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് പരിശോധിക്കാം. ഏറ്റവും പ്രധാന പ്രശ്നം കരള്‍ ഡാമേജ് ആണ്. ചിലപ്പോള്‍ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ലിവര്‍ ഡാമേജ് വരെ ഉണ്ടാകാം. ഇതാണ് നമ്മുടെ സംഭവത്തിലെ രോഗിണിക്ക് സംഭവിച്ചതും. നോനി ജ്യൂസ് നിര്‍ത്തി രണ്ടാഴ്ച കൊണ്ട് രോഗി ആരോഗ്യം വീണ്ടെടുത്ത് കീമോതെറാപ്പി തുടങ്ങി.

ഈ പഴത്തില്‍ ധാരാളം വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഒരു ആന്റി ഓക്‌സിഡന്റും കൂടുതലായി കഴിച്ചതുകൊണ്ട് യാതൊരു ഗുണവും ഉണ്ടാകുന്നില്ല. ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ തുടങ്ങിയവ ലങ് കാന്‍സര്‍, പ്രോസ്‌ട്രേറ്റ് കാന്‍സര്‍ എന്നിവയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. അതിനാല്‍ ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ട് എന്ന കാരണത്താല്‍ ഇവ കൂടുതലായി ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്.

ലിവര്‍ ഫെയിലിയര്‍ (Liver Failure) ഉണ്ടായില്ലെങ്കിലും സ്ഥിരമായി നോനിപ്പഴം/ ജ്യൂസ് കുടിച്ചാല്‍ ഫാറ്റി ലിവര്‍ ഉണ്ടാകും എന്നത് ഉറപ്പാണ്. അടുത്ത പ്രശ്‌നമാണ് വയറിളക്കം. ഈ സൈഡ് എഫ്ഫക്റ്റ് ആണ് വിരയിളക്കാന്‍ നോനിപ്പഴം ഉപയോഗിക്കാന്‍ കാരണം. ഗര്‍ഭിണികളും മുലയൂട്ടുന്നവരും ഇത് ഉപയോഗിക്കാതിരിക്കുക. ഹൃദയസംബന്ധമായ അസുഖങ്ങള്‍, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവരും നോനിപ്പഴ ചികിത്സ നടത്തരുത്.

അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (USFDA- United States Food and Drug Administration) നോനി ജ്യൂസ് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണ ഒരു പഴത്തിനെതിരെയോ, ജ്യൂസിനെതിരെയോ ഡടഎഉഅ ഇങ്ങനെ ചെയ്യാറില്ല.

വെറുതെ ഒരു റിഫ്രഷ്മെന്റിനായി ഒരു നോനി ജ്യൂസ് കുടിക്കുന്നതോ, ഒരു നോനിപ്പഴം കഴിക്കുന്നതോ കുഴപ്പമില്ല. പക്ഷേ, ഏതെങ്കിലും ഒരു ചികിത്സക്കായി ഇത് ഉപയോഗിക്കാന്‍ പാടില്ല. അത് അപകടകരമാണ്.

 

Latest News