വിവാദങ്ങള്‍ക്കിടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍’ ബി.ബി.സി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് രണ്ടാം ഭാഗം ബി.ബി.സി പുറത്തിറക്കുന്നത്. 2019ല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷമുള്ള പൗരത്വ നിയമഭേദഗതി അടക്കമുള്ള വിവാദ നയങ്ങളെകുറിച്ചാണ് ഡോക്യൂമെന്ററിയില്‍ പരാമര്‍ശിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ഉറപ്പുനല്‍കുന്ന കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതും പൗരത്വ നിയമവും ആള്‍ക്കൂട്ട ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകളും രണ്ടാം ഭാഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗുജറാത്ത് കലാപം വ്യക്തമാക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. അതിനിടയിലാണ് രണ്ടാംഭാഗവും ബി.ബി.സി സംപ്രേഷണം ചെയ്തിരിക്കുന്നത്.
ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അദ്ദേഹത്തിന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയുമാണ്. ഡോക്യുമെന്ററി പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ബി.ബി.സിയും. ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസര്‍ക്കര്‍ രംഗത്തെത്തുകയും തുടര്‍ന്ന് യൂട്യൂബില്‍നിന്നും ട്വിറ്ററില്‍നിന്നും ലിങ്കുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.