ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസീന്ത അര്‍ഡേന്‍റെ അപ്രതീക്ഷിതമായ രാജിയെ തുടര്‍ന്നാണ് പ്രധാനമന്ത്രി പദത്തിലേക്ക് ഹിപ്കിന്‍സിന് നറുക്കുവീണത്. ന്യൂസിലന്‍ഡിന്‍റെ 41-മത് പ്രധാനമന്ത്രിയാണ് ഹിപ്കിന്‍സ്.
രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയിലേക്ക് തന്‍റെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് അദ്ദേഹം അധികാരമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഹിപ്കിന്‍സിനെ ന്യൂസിലനൻഡിനേയും, ലേബര്‍ പാര്‍ട്ടിയേയും നയിക്കാന്‍ തെരഞ്ഞെടുത്തത്. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഏക നോമിനിയായി ഹിപ്കിന്‍സ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മുന്‍പ് ഇദ്ദേഹം അര്‍ഡേന്‍ സര്‍ക്കാരിലെ വിദ്യാഭ്യസ വകുപ്പ് മന്ത്രിയായിരുന്നു.
അഞ്ചര വര്‍ഷത്തെ ഭരണത്തിനു ശേഷം താന്‍ പ്രധാനമന്ത്രി പദം ഒഴിയുകയാണെന്ന് ജനുവരി 19 നാണ് ജസീന്ത ആര്‍ഡേണ്‍ പ്രഖ്യാപിച്ചത്. ഇനി രാജ്യത്തെ നയിക്കാനില്ലെന്നും വീണ്ടും തിരഞ്ഞെടുപ്പിന് ശ്രമിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. കൂട്ട വെടിവയ്പ്പും കോവിഡ് പ്രതിസന്ധിയുടെ പ്രാരംഭഘട്ടങ്ങളും കൈകാര്യം ചെയ്തതില്‍ ഇവര്‍ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിരുന്നു. 2017 -ല്‍ അധികാരത്തിലേറിയപ്പോള്‍ 37 -കാരിയായ ജസീന്ത ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു.