രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പെട്രോളീയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ വിലയില്‍ കുറവുണ്ടാകുമെന്നുള്ള സൂചനകള്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2022 ലെ റെക്കോഡ് ഉയര്‍ന്ന നിരക്കില്‍ നിന്ന് അന്താരാഷ്ട്ര ക്രൂഡ് വില അടുത്തിടെ മയപ്പെടുത്തിയിരുന്നു. ഇത് പെട്രോളിന്റെ ലാഭം വര്‍ധിപ്പിച്ചെങ്കിലും ഡീസലിന് നഷ്ടമായിരുന്നു.
2023 ജനുവരിയില്‍ ഡീസലിന്റെ നഷ്ടം 11 ല്‍ നിന്ന് 13 ലേക്ക് ഉയര്‍ന്നതായി വ്യവസായ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യയുടെ യുക്രെയ്‌നിലെ അധിനിവേശത്തെ തുടര്‍ന്ന് കുത്തനെ ഉയര്‍ന്ന ഊര്‍ജ്ജ വില ഉപഭോക്താക്കളിലേക്ക് എത്തിക്കാതെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ പ്രവര്‍ത്തിച്ചതായി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
കഴിഞ്ഞ 15 മാസമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് പെട്രോള്‍, ഡീസല്‍ വിലകള്‍ ചെലവിന് അനുസൃതമായി പരിഷ്‌കരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇക്കാലഘട്ടത്തില്‍ നഷ്ടമാണ് ഉണ്ടായത്. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 102.97 ഡോളറായി വര്‍ദ്ധിച്ചിട്ടും ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവ ഏപ്രില്‍ ആറുമുതല്‍ ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല.