സ്വീഡന്റെ നാറ്റോ പ്രവേശന ശ്രമങ്ങള്‍ക്കു തുര്‍ക്കി പിന്തുണ നല്കുമെന്നു കരുതേണ്ടെന്ന് പ്രസിഡന്റ് എര്ദോഗന്. സ്വീഡനില്‍ പ്രതിഷേധക്കാര്‍ എര്‍ദോഗന്റെ കോലം തൂക്കിലേറ്റിയതും ഖുറാന് കത്തിച്ചതുമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. തുര്‍ക്കിയെ നാണംകെടുത്തിയവര്ക്കു തുര്‍ക്കിയുടെ ആനുകൂല്യം പ്രതീക്ഷിക്കാനാവില്ലെന്ന് എര്ദോഗന് വ്യക്തമാക്കി.
യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏത്രയും വേഗം പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയില്‍ അംഗത്വം നേടിയെടുക്കാനുള്ള സ്വീഡന്റെ ശ്രമങ്ങള്‍ക്കു വലിയ തിരിച്ചടിയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.
സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിലെ ടര്‍ക്കിഷ് എംബസിക്കു മുന്നില്‍ എര്‍ദോഗന്റെ കോലം തൂക്കിലേറ്റിയത് കുര്‍ദ് വംശജരാണ്. പിന്നീട് മറ്റൊരു സംഭവത്തില്‍ തീവ്ര വലതുപക്ഷ ഡാനിഷ് പാര്ട്ടിക്കാര് ഖുറാന് കത്തിക്കുകയും ചെയ്തു. പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും ഖുറാന് കത്തിച്ചത് അംഗീകരിക്കാനാവില്ലെന്നാണു സ്വീഡന് പ്രതികരിച്ചത്.
നാറ്റോയില്‍ അംഗമായ ഏക മുസ്ലിം രാജ്യമാണ് തുര്‍ക്കി. നാറ്റോയുടെ നിയമാവലി പ്രകാരം ഒരംഗരാജ്യത്തിന്റെ എതിര്‍പ്പു മതി മറ്റുള്ളവരുടെ അപേക്ഷ തള്ളാന്‍.