ഭൂമിയുടെ ചലനവും, അതിന്റെ ഭ്രമണവും എല്ലാം എപ്പോഴും ആകാംക്ഷ ഉയര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ അമ്പരപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിരിക്കുന്നത്. അതായത് ഭൂമിയുടെ അന്തര്‍ഭാഗത്തെ ഏറ്റവും നിര്‍ണായകമായ കോര്‍ എന്ന് വിളിക്കപ്പെടുന്ന ഭാഗം കറക്കം നിര്‍ത്തിയിരിക്കുകയാണ്.
ഭൂകമ്പ തരംഗങ്ങളുടെ സഞ്ചാരം ഉള്‍പ്പെടെ ഇന്നര്‍ കോര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഭൂമിയുടെ ഏറ്റവും മര്‍മപ്രധാനമായ ഇടം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഈ ഭാഗമാണ് കറക്കം നിര്‍ത്തിയെന്ന് കണ്ടെത്തിയിരിക്കുന്നത്.
കറക്കം നിര്‍ത്തിയത് മാത്രമല്ല, അതിനെ ചലനഭാഗം എതിര് ദിശയിലേക്ക് മാറിയിരിക്കുകയാണ്. ഇത് ചലിക്കാന്‍ പോകുന്നത് എതിര് ദിശയിലായിരിക്കുമെന്ന സൂചനയാണിത്. 7000 കിലോമീറ്റര്‍ വീതിയിലാണ് ഭൂമിയുടെ കോര്‍ നിലനില്‍ക്കുന്നത്. ഇത് കാഠിന്യമേറിയ മധ്യഭാഗമാണ്. കാരണം ഭൂരിഭാഗവും ഇരുമ്പ് കൊണ്ട് രൂപീകരിക്കപ്പെട്ടതാണ്. ദ്രാവക രൂപത്തിലുള്ള ഇരുമ്പിനുള്ളിലെ ഷെല്ലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇരുമ്പിനൊപ്പം മറ്റ് ഘടകങ്ങളുമുണ്ടാവും.
നാച്ചുറല്‍ ജിയോസയന്സിലാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2009ലാണ് ഈ ഇന്നര്‍ കോര്‍ അഥവാ അകകാമ്പ് നിശ്ചലമായത്. പിന്നീട് എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് ഇത് എതിര്‍ദിശയിലേക്ക് മാറിയത്.
ഭൂമിയുടെ ഈ കോര്‍ ഭാഗത്തിന്റെ കറക്കം ദിവസത്തിന്റെ ദൈര്‍ഘ്യവുമായി ബന്ധപ്പെട്ടതായതിനാല്‍ ഈ മാറ്റം സമയക്രമത്തിലും ചെറിയൊരു മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നത്. അതായത് ഭൂമി അതിന്റെ അച്ചുതണ്ടില്‍ ഭ്രമണം പൂര്‍ത്തിയാക്കാന്‍ കുറച്ച് അധികം സമയമെടുക്കും എന്ന് വ്യക്തം. ഭൂമിയുടെ വ്യത്യസ്ത അടരുകള്‍ തമ്മില്‍ പരസ്പര ബന്ധമുള്ളത് കൊണ്ടാണിത്. ഭൂമിയുടെ അടരുകള്‍ തമ്മില്‍ വലിയ ആശയവിനിമയങ്ങള്‍ നടക്കുന്നുണ്ടെന്ന കണ്ടെത്തലാണ് ശാസ്ത്രസംഘം കണ്ടെത്തിയത്.