വിവാദങ്ങള്‍ക്കൊടുവില്‍, പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഷാരുഖ് ഖാന്‍ ചിത്രം ‘പഠാന്‍’ പ്രദര്‍ശനത്തിനെത്തി. രാജ്യത്താകെ 5000 -ത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചത്. സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ അമ്പരിപ്പിക്കുന്ന വളര്‍ച്ചയില്‍ നിറം മങ്ങിയ ബോളിവുഡിന്റെ തിരിച്ചുവരവാണ് പഠാൻ എന്നാണ് പ്രേക്ഷക പ്രതികരണം.
തീയേറ്ററുകളില്‍ എത്തുന്നതിനു മുന്‍പു തന്നെ വിവാദങ്ങളാല്‍ ഏറെ ശ്രദ്ധയാകർഷിച്ച ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി പുറത്തിറക്കിയ ‘ബഷ്റം രാഗ്…’ എന്ന ഗാനത്തില്‍ നായികയുടെ വസ്ത്രത്തിന്‍റെ നിറത്തെ ചൊല്ലിയായിരുന്നു വിവാദം. തുടര്‍ന്ന് ചിത്രം ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.
അതേസമയം നാലു വര്‍ഷത്തെ ഇടവേളക്കു ശേഷമെത്തുന്ന ഷാരുഖ് ചിത്രം എന്നതും, നിര്‍മ്മാതാക്കളായ യഷ് രാജിന്റെ സ്‌പൈ യൂണിവേഴ്‌സില്‍ ഒരുങ്ങുന്ന ആദ്യ സിനിമ കൂടിയെന്ന പ്രത്യേകതയും ‘പഠാനുണ്ട്.’
ജോണ്‍ എബ്രഹാമും ദീപിക പദുക്കോണുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഷാരുഖ് ഖാന്റെയും ജോണ്‍ എബ്രഹാമിന്റെയും അതി ഗംഭീര ആക്ഷന്‍ രംഗങ്ങളും പഠാനിലുണ്ട്. സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കേരളത്തിൽ 130 തിയേറ്ററുകളില്‍ പ്രദർശനം നടത്തുന്ന ചിത്രത്തിന് ദക്ഷിണേന്ത്യയിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പിവിആര്‍ സിനിമാസില്‍ മാത്രം പത്തു ലക്ഷം ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്.