യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫേസ്ബുക്കില്‍ തിരിച്ചെത്തി. 2021ലെ ക്യാപിറ്റല്‍ ലഹളയെത്തുടര്‍ന്നാണ് ട്രംപിനെ ഫേസ്ബുക്ക് വിലക്കിയത്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്.
മെറ്റയുടെ മറ്റൊരു സ്ഥാപനമായ ഇന്‍സ്റ്റഗ്രാമിലേക്കും ട്രംപ് തിരിച്ചെത്തും. അടുത്ത ദിവസങ്ങളില്‍ തന്നെ ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മെറ്റയുടെ നയങ്ങളും നിയമങ്ങളും ലംഘിച്ചാല്‍ വീണ്ടും വിലക്കേര്‍പ്പെടുത്തുമെന്നും നിക് ക്ലെഗ് വ്യക്തമാക്കി. എന്നാല്‍, ഫേസ്ബുക്കിലേക്ക് തിരിച്ചെത്തുമെന്ന് ട്രംപ് സ്ഥിരീകരിച്ചിട്ടില്ല.
2021 ജനുവരി ആറിനാണ് ലോകത്തെ ഞെട്ടിച്ച് യുഎസ് കാപിറ്റോള്‍ കലാപമുണ്ടായത്. കലാപത്തിനു പിറ്റേദിവസം ട്രംപിന് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തി. ട്രംപിന്റെ യുഎസ് പ്രസിഡന്റ് തോല്‍വിക്ക് പിന്നാലെയാണ് അനുകൂലികള്‍ കലാപമുണ്ടാക്കിയത്. കലാപത്തിന് ട്രംപിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
വൈറ്റ് ഹൗസില്‍ രണ്ടാം തവണയും അധികാരത്തില്‍ വരുമെന്ന മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് ഫേസ്ബുക്ക് കമ്പനി അറിയിച്ചത്. എന്നാല്‍ വൈകാതെ നിലപാടില്‍ മാറ്റം വരുത്തിയ കമ്പനി തീരുമാനം പുനപരിശോധിക്കുമെന്നും അറിയിച്ചു.