ക്വാളിറ്റി ഒട്ടും നഷ്ടപ്പെടാതെ വാട്സ്ആപ്പില്‍ ഇനി ചിത്രങ്ങള്‍ കൈമാറാം. പഴയതു പോലെ ഡോക്യുമെന്റ് രൂപത്തിലല്ല. ഇമേജ് രൂപത്തില്‍ തന്നെ ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകള്‍ അയക്കാന്‍ പറ്റുന്ന സംവിധാനം ഉടനെത്തും. ഇത് വരുന്നതോടെ കംപ്രഷന്‍ കൂടാതെ ഒറിജിനല്‍ ക്വാളിറ്റിയില്‍ ഫോട്ടോകള്‍ പങ്കിടാന്‍ സാധിക്കും.
ചിത്രങ്ങള്‍ അയക്കാന്‍ സെലക്ട് ചെയ്യുമ്പോള്‍, ഡ്രോയിംഗ് ടൂള്‍ ഹെഡറിലെ ഒരു പുതിയ ക്രമീകരണ ഐക്കണ്‍ വരുന്നുണ്ട്. ഫോട്ടോസ് അയയ്ക്കുന്നതിന് മുമ്പ് ചിത്രത്തിന്റെ ഗുണനിലവാരം ഒറിജിനലിലേക്കു മാറ്റാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണിത്. അതേസമയം ഈ പുതിയ ഓപ്ഷന് വീഡിയോകള്‍ക്ക് ലഭ്യമാകാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, സെര്‍വര്‍ ലോഡ് കുറയ്ക്കാനും ഫോണ്‍ മെമ്മറി ലാഭിക്കാനും വേണ്ടിയാണ് ഇത്രയും കാലം വാട്സ്ആപ് തന്നെ ഫോട്ടോകളും വീഡിയോകളും കമ്പ്രസ് ചെയ്ത് അയച്ചിരുന്നത്. ഇതിലൂടെ ചിത്രങ്ങളുടെ റെസലൂഷനും വലിപ്പവും കുറയുകയും അവയുടെ ഡിസൈനെപോലും ബാധിക്കുകയും അച്ചടി ഉപയോഗക്ഷമതയെ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ ഫീച്ചര്‍ വരുന്നതോടുകൂടി ഡാറ്റ ഉപയോഗം വര്‍ധിക്കും. ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സെല്ലുലാര്‍ ഡാറ്റയ്ക്കു പകരം വൈഫൈ ഉപയോഗിക്കുന്ന ക്രമീകരണം ഉപയോഗിക്കുന്നതാവും നല്ലത്. ഫോണിലുള്ള ഒറിജിനല്‍ ചിത്രം തന്നെ അയക്കുമ്പോള്‍ റെസല്യൂഷന്‍ നഷ്ടമാകാതെ അതേ വലിപ്പത്തില്‍ തന്നെ ലഭിക്കും.