Monday, November 25, 2024

സൊമാലിയയില്‍ യുഎസ് സൈനിക നടപടി; മുതിര്‍ന്ന ഐഎസ് നേതാവ് ഉള്‍പ്പെടെ 11 ഭീകരരെ വധിച്ചു

വടക്കന്‍ സൊമാലിയയില്‍ നടന്ന യുഎസ് സൈനിക നടപടിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ മുതിര്‍ന്ന നേതാവ് ഉള്‍പ്പടെ 11 ഭീകരര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആഫ്രിക്കയിലുടനീളവും ആഗോള തലത്തിലും തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ഐഎസ് നേതാവ് ബിലാല്‍ അല്‍ സുഡാനിയെയാണ് യുഎസ് സൈന്യം വധിച്ചത്.

ആഫ്രിക്കയില്‍ ഐഎസിന്റെ സാന്നിധ്യം വളര്‍ത്തുന്നതിലും അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്പെടെ ലോകമെമ്പാടും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ പണം നല്‍കുന്നതിലും പ്രധാനിയാണ് അല്‍-സുഡാനി എന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലിയും ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് വടക്കന്‍ സൊമാലിയയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൈനിക ഓപ്പറേഷന് ഉത്തരവിട്ടത്. ജനുവരി 25 നാണ് സൈനിക നടപടിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഉത്തരവിട്ടത്. ഓപ്പറേഷനില്‍ സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ബിലാല്‍ അല്‍ സുഡാനിയ്ക്കൊപ്പം കൊല്ലപ്പെട്ട പത്ത് പേര്‍ ഐഎസ് ഭീകരവാദികളാണെങ്കിലും അവരുടെ പേര് വിവരങ്ങളോന്നും തിരിച്ചറിഞ്ഞിട്ടില്ല. വടക്കന്‍ സൊമാലിയയിലെ ഒരു പര്‍വതപ്രദേശത്താണ് ഓപ്പറേഷന്‍ നടന്നത്. അല്‍-സുഡാനിയെ പിടികൂടാനായിരുന്നു യുഎസ് സേന ശ്രമിച്ചത്. എന്നാല്‍, ഭീകരര്‍ വെടിയുതിര്‍ത്തതോടെ സൈന്യം ഇവരെ വധിക്കുകയായിരുന്നു. സോമാലിയന്‍ സര്‍ക്കാരിനെ അറിയിച്ച ശേഷമാണ് അമേരിക്ക ഓപ്പറേഷന്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം അവസാനം സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഉന്നത ഐഎസ് ഭീകരരെയും യുഎസ് സേന വധിച്ചിരുന്നു.

 

 

 

 

 

Latest News