ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍ ഇന്‍കൊവാക് (iNCOVACC) പുറത്തിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുക് മാണ്ഡവ്യയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ മന്‍സുക് മാണ്ഡവ്യ, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് എന്നിവരാണ് റിപ്പബ്ലിക് ദിനത്തില്‍ നേസല്‍ വാക്‌സിന്‍ പുറത്തിറക്കിയത്. മൂക്കിലൂടെ നല്‍കാവുന്ന ലോകത്തിലെ ആദ്യ വാക്‌സിന്‍ ആണ് ഇന്ത്യ പുറത്തിറക്കിയത്.
കഴിഞ്ഞ നവംബറില്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി അടിയന്തര ഘട്ടത്തില്‍ നേസല്‍ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) നല്‍കിയിരുന്നു. സ്വകാര്യ വിപണിയില്‍ 800 രൂപയാണ് വാക്‌സിന്റെ നിരക്ക്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 325 രൂപയ്ക്ക് വാക്‌സിന്‍ ലഭിക്കും. 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നത്.
മൂന്നു ക്ലിനിക്കല്‍ പരീക്ഷണങ്ങളും വിജയകരമായതോടെയാണ് വാക്‌സിന്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. തുള്ളിമരുന്നായാണ് വാക്‌സിന്‍ നല്‍കുക. കോവിഡ് ബാധിക്കാനുള്ള നേരിയ സാധ്യത വരെ നേസല്‍ വാക്‌സിന്‍ ചെറുക്കുമെന്ന് ശാസ്ത്രമാസികയായ നേച്ചറില്‍ വ്യക്തമാക്കിയിരുന്നു.
ആഗോളതലത്തില്‍ കോവിഡിനെതിരെ 100 ലധികം നേസല്‍ വാക്‌സിനുകള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഏകദേശം 20 ഓളം വാക്‌സിനുകള്‍ മാത്രമാണ് മനുഷ്യരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിട്ടുള്ളൂവെന്നാണ് ലണ്ടനിലെ ഹെല്‍ത്ത് അനലിറ്റിക്‌സ് കമ്പനിയായ എയര്‍ഫിനിറ്റി വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് സുരക്ഷാ പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഇന്‍കൊവാക് വാക്‌സിന്‍ വികസിപ്പിച്ചത്.