Monday, November 25, 2024

പലസ്തീനായില്‍ ഇസ്രായേല്‍ ആക്രമണം; പത്തു പേര്‍ കൊല്ലപ്പെട്ടു

പലസ്തീനായില്‍ ഇസ്രായേല്‍ നടത്തിയ വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ജെനീനില്‍ നടന്ന വെടിവയ്പിലാണ് പത്ത് പാലസ്തീന്‍ പൗരന്മാരുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേലിലെ തീവ്ര വലതുപക്ഷ സർക്കാരിന്റെ തലപ്പത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെനന്യാഹു തിരിച്ചെത്തിയതിനു പിന്നാലെ നടക്കുന്ന ആദ്യ ആക്രമണമാണിത്.

ജെനീനില്‍ നടന്ന വെടിവയ്പ്പില്‍ ഏഴ് തീവ്രവാദികളും 61 വയസുള്ള ഒരു സ്ത്രീയും ഉൾപ്പെടെ പത്ത് പലസ്തീനികളാണ് കൊല്ലപ്പെട്ടത്. “ഞങ്ങളുടെ രാഷ്ട്രം തിരിച്ചുപിടിക്കാനായി പോരാട്ടം കൂടുതൽ ശക്തമാക്കും. വെസ്റ്റ് ബാങ്കിൽ ക്രമസമാധാനം നിലനിർത്താനും ആക്രമണങ്ങൾ തടയാനും അംഗീകരിക്കപ്പെട്ട ഇസ്രായേലുമായുള്ള സുരക്ഷാ ഏകോപനം അവസാനിപ്പിക്കുകയാണ്” – വെടിവെയ്പ്പിനെ തുടര്‍ന്ന് പലസ്തീൻ പ്രതികരിച്ചു.

അതേസമയം ഗാസയിൽ നിന്ന് രണ്ട് റോക്കറ്റുകൾ കൂടി തൊടുത്തതോടെ ഒരിടവേളക്കു ശേഷം ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി. എന്നാല്‍ റോക്കറ്റ് ആക്രമണം ലക്ഷ്യം കണ്ടില്ലെന്നും അയൺ ഡോം മിസൈൽ പ്രതിരോധസംവിധാനം ആക്രമണത്തെ തടഞ്ഞെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.
1967 -ലാണ് പലസ്തീന്റെ ഭാഗമായ വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജെറുസലേം, ഗാസ സ്ട്രിപ്പ് തുടങ്ങിയ പ്രദേശങ്ങൾ ഇസ്രായേൽ കൈയ്യടക്കിയത്.

Latest News