Monday, November 25, 2024

ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; അദാനി ഗ്രൂപ്പിന്‍റെ ഓഹരിവില കൂപ്പുകുത്തി

ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ വന്‍തിരിച്ചടി. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചതിന് ശേഷം 16 ശതമാനത്തിൽ അധികം ഇടിവാണ് അദാനി ഓഹരികളില്‍ ഉണ്ടായത്. അദാനി ഗ്രൂപ്പിന്‍റെ ഓഹരി വില ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തുന്നത് ഈ വര്‍ഷം ഇതാദ്യമാണ്.

അമേരിക്കൻ റിസർച്ച് സ്ഥാപനമായ ഹിൻഡൻ ബർഗ് ഉയർത്തിയ കൃത്രിമ കണക്ക് പുറത്തു വിട്ടതിന് പിന്നാലെയാണ് ഓഹരി വില ഇടിഞ്ഞത്. 1564 രൂപാ എന്ന ഏറ്റവും താഴ്ന്ന അവസ്ഥയിലേക്കാണ് ഓഹരി വില കൂപ്പുകുത്തിയത്. അദാനി ടോട്ടൽ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 16 ശതമാനത്തിലധികം ഓഹരിയും താഴ്ന്നു. ഹിൻഡൻബർഗ് റിപ്പോർട്ടില്‍ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം താഴ്ന്നിട്ടുണ്ട്.

ഗൗതം അദാനി ലോകത്തെ മൂന്നാമത്തെ ധനികനായി വളർന്നത് വൻ തട്ടിപ്പ് വഴിയാണെന്നായിരുന്നു ബുധനാഴ്ച ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ 50,000 കോടി രൂപയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് സംഭവിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് നടത്തിയ പഠനത്തിന്‍റെ വെളിച്ചത്തിലാണ് അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് പുറത്തുവിടുന്നതെന്നാണ് സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകപ്രശസ്ത സ്ഥാപനമായ ഹിൻഡൻബർഗിന്‍റെ വാദം.

അതേസമയം ഹിൻഡൻബെർഗ് റിസർച്ചിനെതിരെ അദാനി ഗ്രൂപ്പ് നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അദാനി എന്റെർപ്രസസിന്റെ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിൻഡൻബെർഗ് റിസർച്ച് നടത്തിയതെന്നാണ് അദാനി ഗ്രൂപ്പിന്‍റെ ആരോപണം.

Latest News