Tuesday, November 26, 2024

ഹോളോകോസ്റ്റ് പോലൊരു സംഭവം ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രായേലിനെ സംരക്ഷിക്കാന്‍ ഇസ്രായേലിനറിയാമെന്നും ഹോളോകോസ്റ്റ് പോലൊരു സംഭവം ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വളരെ ശക്തവും ഊര്‍ജ്ജസ്വലവുമായ രാജ്യമാണ് ഇന്ന് ഇസ്രായേല്‍ എന്ന് അന്താരാഷ്ട്ര ഹോളോകോസ്റ്റ് വാര്‍ഷിക ദിനാചരണ പ്രസംഗത്തിനിടയില്‍ നെതന്യാഹു പറഞ്ഞു.

ഓഷ്വിറ്റ്സ് മരണ ക്യാമ്പിന്റെ വിമോചനത്തിന് ഇന്ന് കൃത്യം 78 വര്‍ഷമായി. ഇന്ന് ജൂതന്‍മാര്‍ക്ക് സ്വന്തമായൊരു രാഷ്ട്രം തന്നെയുണ്ട്. ഇസ്രായേലികള്‍ ഭയംകൊണ്ട് പതുങ്ങിക്കിടക്കില്ല. ശത്രുക്കളെ ചെറുത്തുനില്‍ക്കും. സ്വേച്ഛാധിപതികളുടെ ഭീഷണികള്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

കൊലപാതകികളായ നാസി ഭരണകൂടത്തിന്റെ കൈകളില്‍ കൊല്ലപ്പെട്ടവരുടെ പവിത്രമായ സ്മരണയെ ആദരിച്ചുകൊണ്ടാണ് ഇസ്രായേലിലെ ജനങ്ങള്‍ ഈ ദിനം ആഘോഷിക്കുന്നത്. ഇനി അത്തരം ഒരു ക്രൂരത ഒരിക്കലും സംഭവിക്കില്ലെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നുവെന്നും നെതന്യാഹു പറഞ്ഞു

ഹിറ്റ്ലറുടെ ഭരണത്തിനു കീഴില്‍ ഹോളോകോസ്റ്റില്‍ കൊല്ലപ്പെട്ട ജൂതന്മാരോടും 60 ലക്ഷം ജൂതന്‍മാരോടുള്ള ഐക്യദാര്‍ഢ്യമായിട്ടാണ് ജനുവരി 27 അന്താരാഷ്ട്ര ഹോളോകോസ്റ്റ് ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നത്. ഭാവിയില്‍ ഇത്തരം കൂട്ടക്കുരുതികളൊഴിവാക്കുക എന്ന ആഹ്വാനം കൂടി ഈ യുഎന്‍ ദിനാചരണത്തിന് പിന്നിലുണ്ട്.

 

Latest News