ദക്ഷിണാഫ്രിക്കയിൽ വച്ചു നടന്ന പ്രഥമ അണ്ടർ 19 വനിത ടി20 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ഫൈനൽ പോരാട്ടത്തിൽ മിന്നും പ്രകടനം കാഴ്ച്ചവച്ചാണ് ഇന്ത്യയുടെ പെൺപുലികൾ ലോകകപ്പ് കിരീടം ഉയർത്തിയത്.
ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയച്ച ഇന്ത്യൻ തന്ത്രം ശരിവയ്ക്കും വിധമായിരുന്നു ബൗളിങ്ങിൽ ഇന്ത്യയുടെ പ്രകടനം. 17.1 ഓവറിൽ ഇംഗ്ലണ്ട് പടയെ 68 റൺസിൽ ഇന്ത്യൻ ബൗളർമാർ തളച്ചു. 6.2 ഓവറില്‍ ടീം സ്കോര്‍ 22 -ല്‍ നില്‍ക്കെ ഇംഗ്ലണ്ടിന് നാലു വിക്കറ്റുകള്‍ നഷ്ടമായി. 24 പന്തില്‍ 19 റണ്‍സ് നേടിയ റൈന മക്ഡൊണാള്‍ഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. നിയാം ഹോളണ്ട്, അലെക്സ സ്റ്റോണ്‍ഹൗസ്, സോഫിയ സമെയ്ല്‍ എന്നിവര്‍ രണ്ടക്കം കടന്നെങ്കിലും വമ്പൻ സ്കോർ നേടാൻ കഴിഞ്ഞില്ല.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സൗമ്യ (24), തൃഷ (24) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍മാർ. ഇന്ത്യക്കു വേണ്ടി ടിതാസ് സാധു, അര്‍ച്ചനാദേവി, പര്‍ശവി ചോപ്ര എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി. മന്നത്ത് കശ്യപ്, ഷഫാലി വര്‍മ്മ, സോനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.