സര്‍വകലാശാലകളിലെ പ്രവേശന പരീക്ഷകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. ഫെബ്രുവരിയില്‍ നടക്കുന്ന പരീക്ഷയിലാണ് പൂര്‍ണ വിലക്ക്. താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പെണ്‍കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്നാണ് പ്രസ്താവന.
കഴിഞ്ഞ ഡിസംബറിലാണ് താലിബാന്‍ ഭരണകൂടം സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പഠിക്കുന്നവരെ പുറത്താക്കാനും ഉന്നത വിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീം പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകളുടെ വിദ്യാഭ്യാസം നിറുത്തിവയ്ക്കുന്നതായി അറിയിക്കുന്നു എന്നാണ് ഉത്തരവ്. ഇതിന് പിന്നാലെയാണ് പ്രവേശന പരീക്ഷകളിലും വിലക്ക് ഏര്‍പ്പെടുത്തിയത്.