Tuesday, November 26, 2024

സാമൂഹിക സുരക്ഷാ പെന്‍ഷന്‍: വരുമാനം കൂടിയവരെ ഒഴിവാക്കാന്‍ ധനവകുപ്പിന്റെ നിര്‍ദ്ദേശം

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ധനവകുപ്പ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നല്‍കിവരുന്ന സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്ന് വരുമാനം കൂടിയവരെ ഒഴിവാക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. പഞ്ചായത്ത് ഡയറക്ടര്‍ക്കും നഗരകാര്യ ഡയറക്ടര്‍ക്കുമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയിലേറെയുള്ളവരെ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ധനവകുപ്പിന്റെ നിര്‍ദ്ദേശം. ഇതിനു മുന്നോടിയായി പെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്. ഫെബ്രുവരി 28 -നകം ഈ നടപടികള്‍ പൂര്‍ത്തികരിച്ച് വരുമാനം വിലയിരുത്തിയ ശേഷം പരിധിക്കു പുറത്തുള്ളവരെ ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതോടെ 5,00,000 പേരെയെങ്കിലും ഒഴിവാക്കി സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറക്കാമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍‍. നിലവില്‍ 50.5 ലക്ഷം പേര്‍ മാസം 1,600 രൂപ വീതം പെന്‍ഷന്‍ വാങ്ങുന്നുണ്ട്. 7 ലക്ഷത്തിലധികം പേര്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇവര്‍ക്ക് വരുമാനപരിധി ബാധകമല്ല.

അതേസമയം പ്രതിപക്ഷ നേതാവിന് പുതിയ കാര്‍ അനുവദിച്ചതിനെ ചൊല്ലിയും വിവാദം രൂക്ഷമാകുകയാണ്. സംസ്ഥാന സര്‍ക്കാരിനിനെതിരെ യുഡിഎഫ് നിരന്തരമായി ധൂര്‍ത്ത് ആരോപിക്കുന്ന സാഹചര്യത്തിലാണ് വി.ഡി. സതീശന് പുതിയ കാര്‍ അനുവദിച്ചിരിക്കുന്നത്.

Latest News