കുര്‍ദ് തീവ്രവാദികളെ കൈമാറിയാല്‍ സ്വീഡന്റെ നാറ്റോ പ്രവേശനത്തിന് പിന്തുണ നല്‍കാമെന്ന് തുര്‍ക്കി. നിങ്ങള്‍ക്ക് (സ്വീഡന്) നാറ്റോയില്‍ ചേരാന്‍ ആഗ്രഹമുണ്ടെങ്കില്‍ പ്രതിഷേധക്കാരായ കുര്‍ദ് തീവ്രവാദികളെ തങ്ങള്‍ക്ക് കൈമാറണമെന്ന് തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് എര്ദോഗന് ആവര്‍ത്തിച്ചു.
സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിലെ ടര്‍ക്കിഷ് എംബസിക്കു മുന്നില്‍ എര്‍ദോഗന്റെ കോലം തൂക്കിലേറ്റിയത് കുര്‍ദ് വംശജരാണ്. പിന്നീട് മറ്റൊരു സംഭവത്തില്‍ തീവ്ര വലതുപക്ഷ ഡാനിഷ് പാര്ട്ടിക്കാര് ഖുറാന് കത്തിക്കുകയും ചെയ്തു. പ്രതിഷേധങ്ങള്‍ക്ക് സ്വീഡന് അനുമതി നല്‍കിയതാണ് തുര്‍ക്കിയെ പ്രകോപിപ്പിച്ചത്.
നാറ്റോയുടെ നിയമാവലി പ്രകാരം ഒരംഗരാജ്യത്തിന്റെ എതിര്‍പ്പു മതി മറ്റുള്ളവരുടെ അപേക്ഷ തള്ളാന്‍. സ്വീഡനൊപ്പം ഫിന്‍ലന്‍ഡും നാറ്റോ അംഗത്വത്തിനു ശ്രമിക്കുന്നുണ്ട്. ഫിന്‍ലന്‍ഡ് നാറ്റോയില്‍ ചേരുന്നതിനെ പിന്തുണയ്ക്കുമെന്നും എര്ദോഗന് വ്യക്തമാക്കി.