Tuesday, November 26, 2024

യുക്രൈന് ആയുധസഹായവുമായി പാശ്ചാത്യരാജ്യങ്ങള്‍; എഫ് 16 യുദ്ധവിമാനങ്ങള്‍ നല്‍കില്ലെന്ന് അമേരിക്ക

റഷ്യക്കെതിരായ പോരാട്ടത്തില്‍ യുക്രൈന് പാശ്ചാത്യരാജ്യങ്ങളുടെ ആയുധസഹായങ്ങള്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് യുക്രൈന് സഹായമെത്തുന്നത്. എന്നാല്‍ എഫ് 16 യുദ്ധവിമാനങ്ങള്‍ യുക്രൈന് നല്‍കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി.

കിഴക്കന്‍ മേഖലകള്‍ക്കെതിരായ റഷ്യന്‍ അക്രമണം തുടരുന്നതിനിടെ പ്രത്യാക്രമണം നടത്താന്‍ യുഎസ് -ന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു. യുക്രൈന് ആവശ്യമായ ടാങ്കറുകളും ആയുധസഹായങ്ങളും നല്‍കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നതിനെ തുടര്‍ന്നാണ് എഫ് 16 യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ അമേരിക്കയോട് യുക്രൈന്‍ അഭ്യര്‍ത്ഥിച്ചത്.

“അമേരിക്കയും ജര്‍മ്മനിയും വാഗ്ദാനം ചെയ്ത ആയുധസഹായങ്ങള്‍ എത്രയും വേഗം നല്‍കണം. യുക്രൈന്റെ ചെറുത്തുനില്‍പ്പിനുള്ള പ്രതികാരം റഷ്യ ആരംഭിച്ചിട്ടുണ്ട്” – യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി പറഞ്ഞു. ഇതിനു പിന്നാലെയാണ് എഫ് 16 യുദ്ധവിമാനങ്ങള്‍ നല്‍കില്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യൻ സൈന്യം ബഖ്മുത് സെക്ടറിലെ ഒരു ഡസൻ ജനവാസകേന്ദ്രങ്ങളിൽ ഷെല്ലാക്രമണം നടത്തി. സെൻട്രൽ സപ്പോരിജിയ മേഖലയിലും തെക്കൻ കെർസൺ മേഖലയിലും റഷ്യൻ സൈന്യം 40 -ലധികം ജനവാസകേന്ദ്രങ്ങളിൽ ഷെല്ലാക്രമണം നടത്തി.

Latest News