15 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര്അമൃത് ഉദ്യാന്‍ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ്. അനേക വര്‍ഷത്തെ ചരിത്രമുള്ള ഒരു കലാനിര്‍മ്മിതി കൂടിയാണ് ഇപ്പോഴത്തെ അമൃത് ഉദ്യാന്‍.
ഭരിച്ച എല്ലായിടത്തും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് മുഗള്‍ സാമ്രാജ്യത്തിലെ ഭരണാധികാരികള്‍. അവരുടെ കാലത്ത് നിര്‍മ്മിച്ച പൂന്തോട്ടങ്ങള്‍ എല്ലാക്കാലത്തും പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. മധ്യകാലത്തെ ഇസ്ലാമിക രീതികള്‍ അനുസരിച്ചാണ് അവര്‍ ഇത്തരം പൂന്തോട്ടങ്ങള്‍ നിര്‍മിച്ചത്. ഭരണാധികാരികള്‍ക്ക് വിശ്രമിക്കാനും മറ്റുമായിരുന്നു ഇവ ഒരുക്കിയത്. പറുദീസയുടെ പ്രതീകമാണ് പൂന്തോട്ടങ്ങള്‍ എന്നാണ് മുഗള്‍ ഭരണാധികാരികള്‍ വിശ്വസിച്ചിരുന്നത്. ചാര്‍ബാഗ് കോണ്‍സെപ്റ്റിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.
റോസാപ്പൂക്കളും ടുലിപ്, ഏഷ്യാറ്റിക് ലില്ലി, ഡാഫോഡില്‍സ്, ഹൈസിന്ത് എന്നിവയുടെ 150ല്‍ പരം ഇനങ്ങളും മുഗള്‍ ഗാര്‍ഡനില്‍ ഉണ്ട്. റോസാപ്പൂക്കളുടെ വ്യത്യസ്ത ഇനങ്ങളാണ് മറ്റൊരു പ്രധാന സവിശേഷത. ഡൂബ് ഗ്രാസ് ആണ് പുല്‍ത്തകിടികളില്‍ ഉപയോഗിച്ചിരിക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നാണ് ഇവ കൊണ്ടുവന്നത്.
മുഗള്‍ ഗാര്‍ഡനില്‍ ഏകദേശം 50 ഇനത്തില്‍ പെട്ട മരങ്ങള്‍ ഉണ്ടെന്നാണ് രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്. നിലവില്‍ 300ലധികം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
രാജ്പഥിനെ ‘കര്‍തവ്യ പാത’ എന്ന് പുനര്‍നാമകരണം ചെയ്തതിന് ശേഷം ശ്രദ്ധേയമാകുന്ന പേരുമാറ്റമാണ് രാഷ്ട്രപതിഭവനിലെ പൂന്തോട്ടത്തിന്റേത്. കൊളോണിയല്‍ ഭരണകാലത്തെ അടയാളങ്ങള്‍ ഉപേക്ഷിക്കാനുള്ള മറ്റൊരു നീക്കമാണ് ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.