പ്രതിഭാധനയായ കലാകാരി കെപിഎസി ലളിത ഇനി ഓര്‍മ. തൃപ്പൂണിത്തറയിലെ ഫ്‌ളാറ്റ് ഓഡിറ്റോറിയത്തിലേയും ലായം കൂത്തമ്പലത്തിലേയും പൊതുദര്‍ശനത്തിനുശേഷം ഇന്നലെ പതിനൊന്നരയോടെയാണ് ലളിതയുടെ മൃതദേഹം പ്രത്യേകം സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസില്‍ വിലാപയാത്രയായി കൊച്ചിയില്‍ നിന്ന് വടക്കാഞ്ചേരിയില്‍ എത്തിച്ചത്. വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയിലെ എടങ്കാട്ടെ ‘ഓര്‍മ്മ’ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
സിനിമയിലെ സഹപ്രവര്‍ത്തകരായ അനേകര്‍ പുലര്‍ച്ചെ മുതല്‍ സഹപ്രവര്‍ത്തകയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പൊതുദര്‍ശനം നടത്തിയ ഇടങ്ങളില്‍ ഈ അഭിനേത്രിയെ സ്‌നേഹിച്ച ആയിരങ്ങളാണ് ആദരവര്‍പ്പിക്കാന്‍ എത്തിയത്. രാഷ്ട്രീയക്കാരും ജനപ്രതിനിധികളും കെപിഎസി ലളിതയ്ക്ക് അന്തിമോപചാരമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അന്തിമോപചാരമര്‍പ്പിച്ചു. സംസ്‌കാരത്തോടനുബന്ധിച്ച ചടങ്ങുകളിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. അഭിനയത്തിന്റെ ആരവങ്ങളുയര്‍ത്തിയ ഈ നടി സിനിമാപ്രേമികളുടെ മനസ്സില്‍ ഇനിയും എന്നുമുണ്ടാകും.
ചൊവ്വാഴ്ച രാത്രി 10.45 ഓടെയായിരുന്നു ലളിതയുടെ അന്ത്യം. മകന്‍, നടനും സംവിധായകനുമായി സിദ്ധാര്‍ത്ഥ് ഭരതന്റെ കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിതയുടെ ജനനം. ഫോട്ടോഗ്രഫറായിരുന്ന കെ. അനന്തന്‍ നായരും ഭാര്‍ഗവിയമ്മയുമാണ് മാതാപിതാക്കള്‍. നാലു സഹോദരങ്ങള്‍. രാമപുരം ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂള്‍, ചങ്ങനാശേരി വാര്യത്ത് സ്‌കൂള്‍, പുഴവാത് സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം.
മലയാളത്തിലും തമിഴിലുമായി 550ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്തു നിന്നാണ് സിനിമയിലെത്തിയത്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടു പ്രാവശ്യവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുപ്രാവശ്യവും സ്വന്തമാക്കി. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സനായിരുന്നു. അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.