വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറില്‍ നടന്ന ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. അഫ്ഗാന്‍ അതിര്‍ത്തിയിലെ പള്ളിയില്‍ ആരാധനയ്ക്കിടെ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 150ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ മാത്രം 9 പേരുടെ മൃതശരീരമാണ് പള്ളിയുടെ തകര്‍ന്ന മേല്‍ക്കൂരക്കിടയില്‍ നിന്നും കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
അതീവ സുരക്ഷയുള്ള മേഖലയിലെ പള്ളിക്കുള്ളില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ഏറ്റെടുത്തു. പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഒരാള്‍ മനുഷ്യ ബോംബായി പൊട്ടിത്തെറിക്കുകയായിരുന്നു.
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറില്‍ താലിബാന്റെ ശക്തമായ സാന്നിധ്യമാണുള്ളത്. തുടര്‍ച്ചയായി ഭീകര ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ള നഗരമാണ് പെഷവാര്‍.
ആക്രമണത്തെ അപലപിച്ച് പാകിസ്ഥാന്‍ പ്രസിഡന്റ് ഡോ ആരിഫ് അല്‍വി ട്വീറ്റ് ചെയ്തു. പെഷവാര്‍ പള്ളിയില്‍ നടന്ന സ്‌ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനവും പരുക്കേറ്റവര്‍ക്ക് ഉടന്‍ സുഖപ്പെടട്ടേ എന്ന പ്രാര്‍ത്ഥനയും നല്‍കുന്നു എന്നും അദ്ദേഹം കുറിച്ചു.
ഭീകരവാദം എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെടണമെന്നും ആക്രമണം നടത്തിയവര്‍ ഇസ്ലാമല്ലെന്നുമാണ് പള്ളിക്കകത്തെ സ്ഫോടനം തെളിയിക്കുന്നതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ആക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.