Monday, November 25, 2024

യുക്രൈന് രണ്ട് ബില്യണ്‍ ഡോളറിന്റെ സൈനിക സഹായവുമായി അമേരിക്ക

റഷ്യന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം യുക്രൈന് നല്‍കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. ദീർഘദൂര റോക്കറ്റുകളും ആയുധങ്ങളും യുദ്ധോപകരണങ്ങളും ഉള്‍പ്പടെയുള്ളവയാണ് യുദ്ധമുഖത്തേക്ക് എത്തിക്കാന്‍ യുഎസ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച വിവരം രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ എജന്‍സിയായ റോയിട്ടേഴ്സിന് കൈമാറുകയായിരുന്നു.

“പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റങ്ങൾക്കുള്ള സപ്പോർട്ടിംഗ് ഉപകരണങ്ങൾ, പ്രിസിഷൻ ഗൈഡഡ് യുദ്ധോപകരണങ്ങൾ, ജാവലിൻ ആന്റി ടാങ്ക് ആയുധങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും” – ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. പാശ്ചാത്യരാജ്യങ്ങള്‍ യുക്രൈന് സൈനിക സഹായം നല്‍കുമെന്ന് പ്രസിഡന്‍റ് സെലന്സ്കി പറഞ്ഞിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

1.725 ബില്യൺ ഡോളർ പ്രതീക്ഷിക്കുന്ന പാക്കേജിന്റെ ഒരു ഭാഗം യുക്രൈൻ സെക്യൂരിറ്റി അസിസ്റ്റൻസ് ഇനിഷ്യേറ്റീവ് (യുഎസ്എഐ) എന്നറിയപ്പെടുന്ന ഫണ്ടിൽ നിന്നാണ് വരുന്നതെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം 185 മൈൽ (297 കിലോമീറ്റർ) ദൂരപരിധിയുള്ള എടിഎസിഎംഎസ് മിസൈലിനായുള്ള യുക്രൈന്റെ അഭ്യർത്ഥന അമേരിക്ക നിരസിച്ചതായാണ് റിപ്പോർട്ട്. 2022 ഫെബ്രുവരിയിലെ റഷ്യയുടെ അധിനിവേശത്തിനു ശേഷം ഏകദേശം 27.2 ബില്യൺ ഡോളറിന്റെ സുരക്ഷാസഹായം യുഎസ് യുക്രൈനിലേക്ക് അയച്ചിട്ടുണ്ട്.

Latest News