സ്ത്രീ ജീവിത സ്വാതന്ത്ര്യത്തെ പിന്തുണച്ച് തെരുവില്‍ നൃത്തം ചെയ്ത ഇറാനിയന്‍ ദമ്പതികള്‍ക്ക് 10.5 വര്‍ഷം തടവ് ശിക്ഷ. ഇറാനിയന്‍ കോടതിയാണ് ദമ്പതികളെ ശിക്ഷിച്ചതെന്ന് ‘ഫസ്റ്റ് പോസ്റ്റ്’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന് തലസ്ഥാനമായ ടെഹ്റാനിലെ ആസാദി സ്ക്വയറില്‍ തങ്ങള്‍ നൃത്തം ചെയ്യുന്ന വീഡിയോയാണ് ബ്ലോഗര്‍ ദമ്പതികളായ അസ്തിയാസ് ഹഗിഗി (21), അമീര്‍ മുഹമ്മദ് അഹമ്മദി (22) എന്നിവര്‍ പങ്കിട്ടത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 10 നാണ് ഹാഗിഗിയെയും അഹമ്മദിയെയും അറസ്റ്റ് ചെയ്തത്. അഴിമതിയും പൊതു വേശ്യാവൃത്തിയും പ്രോത്സാഹിപ്പിക്കുന്നു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദേശീയ സുരക്ഷയെ തടസ്സപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചെന്നും ആരോപണമുണ്ട്. ജയില്‍ ശിക്ഷയ്ക്ക് പുറമെ നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ദമ്പതികളെ രണ്ട് വര്‍ഷത്തേക്ക് വിലക്കി. കൂടാതെ രണ്ട് വര്‍ഷത്തെക്ക് ഇറാന് വിടാനും പാടില്ല.
ഇറാനിയന്‍ സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ 22 കാരിയായ കുര്‍ദിഷ് യുവതി മഹ്സ അമിനി മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച പ്രതിഷേധങ്ങളെ പിന്തുണയ്ക്കാനാണ് ദമ്പതികള്‍ നൃത്തം ചെയ്തത്. ഈ വീഡിയോ പിന്നീട് വൈറലായി. ഇതോടെയാണ് ഇവര്‍ക്കെതിരെ നടപടി ഉണ്ടായത്.