Wednesday, May 14, 2025

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭയില്‍ തീരുമാനം

ക്രിസ്ത്യന്‍ നാടാര്‍ സമുദായം ഇനി മുതല്‍ ഒബിസി വിഭാഗത്തില്‍. എസ്ഐയുസി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭയിലാണ് ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊണ്ടത്. ഇതിനായി 1958 ലെ കേരള സ്‌റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് റൂള്‍സില്‍ 2021 ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധം ഭേദഗതി കൊണ്ടുവരും. നിലവിലുള്ള സംവരണത്തെ ബാധിക്കാതെയാണ് നടപടി.

കഴിഞ്ഞ ഫെബ്രുവരിയില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സമുദായങ്ങളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്ന് കാണിച്ച് നാടാര്‍ സമുദായം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഈ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

അടുത്തിടെ പാര്‍ലമെന്റ് ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യുകയും ഇതുവഴി സമുദായങ്ങളെ ഒബിസി വിഭാഗത്തില്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഭരണഘടനയുടെ 127 ാമത് ഭേദഗതി ബില്‍ പ്രകാരമായിരുന്നു അത്. ഇതോടെയാണ് ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

 

Latest News