Tuesday, November 26, 2024

ഇന്ത്യയ്ക്കെതിരെ ആയുധമാക്കാന്‍ അതിര്‍ത്തിയില്‍ ചൈന ഡാം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ഇന്ത്യയ്ക്കെതിരെ ആയുധമാക്കാന്‍ അതിര്‍ത്തിയില്‍ ചൈന ഡാം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയുടെ വടക്കുഭാഗത്ത് ഒഴുകുന്ന മബുജ സാംബോ നദിയിലാണ് ഭീമാകാരമായ ഡാം ചൈന നിര്‍മ്മിച്ചിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനീവ ഡെയ്‌ലിയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ചൈന അണക്കെട്ടിന്റെ സമീപപ്രദേശത്തായി വിമാനത്താവളം നിര്‍മ്മിക്കാനും പദ്ധതി ഇടുന്നുണ്ട്. ടിബറ്റിന്റെ അധിനിവേശത്തിനുശേഷം നദിയുടെ നിയന്ത്രണം ചൈനയുടെ കൈകളിലാണ്. അണക്കെട്ട് നിര്‍മ്മിക്കുന്നത് വഴി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മേഖലയില്‍ സൃഷ്ടിക്കാനാണ് ചൈനയുടെ പദ്ധതി. ബ്രഹ്മപുത്രനദിയില്‍ 20 ഡാമുകള്‍ നിര്‍മ്മിക്കാനും ചൈന പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ വേണ്ടിയാണ് പദ്ധതി തയാറാക്കുന്നതെന്നാണ് ചൈനയുടെ വാദം.

ചൈനയിലെ പ്രമുഖ കമ്പനിയായ യാങ്‌സി പവര്‍ ഭൂഗര്‍ഭ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ചൈനയില്‍ ജലം വഴിതിരിച്ച് വിട്ട് വലിയതോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് പദ്ധതി വഴി ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ ഇത് ഇന്ത്യയുള്‍പ്പെടെയുള്ള സമീപപ്രദേശങ്ങളില്‍ ഭൂചലനവും വെള്ളപ്പൊക്കവും സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നു.

ഇതുവഴി ഇന്ത്യയില്‍ കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കും വഴിവെക്കുമെന്നും വിദഗ്ധര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമാന രീതിയിലുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള ചൈനയുടെ നീക്കം. പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ ഇന്ത്യക്ക് ലഭിച്ചിട്ടില്ല.

 

Latest News