അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ബീച്ച് ഹൗസില്‍ നടത്തിയ പരിശോധനയില്‍ ക്ലാസിഫൈഡ് രേഖകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അറ്റോര്‍ണിയുടെ വെളിപ്പെടുത്തല്‍. റെഹ്ബോത്തിലെ ഡെല്‍വെയര്‍ ബീച്ച് ഹൗസില്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായ എഫ്ബിഐ ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ക്ക് വെറുംകൈയ്യോടെ മടങ്ങേണ്ടിവന്നത്.
ബൈഡന്, രഹസ്യരേഖകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ തുടര്‍ന്നാണ് എഫ്ബിഐ ഉദ്യോഗസ്ഥര്‍ ബീച്ച് ഹൗസില്‍ എത്തിയത്. ഉദ്യോഗസ്ഥര്‍ ഏകദേശം നാല് മണിക്കൂര്‍ പരിശോധന നടത്തിയതായി ബൈഡന്റെ അറ്റോര്‍ണി ബോബ് ബോവര്‍ പറഞ്ഞു. “രഹസ്യരേഖകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബൈഡന് യുഎസ് വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്തേതെന്നു സംശയിക്കുന്ന ചില കയ്യെഴുത്ത് രേഖകളും വസ്തുക്കളും മാത്രമാണ് ഡിഒജെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്” – ബോബ് ബോവര്‍ വ്യക്തമാക്കി.
അതേസമയം തെരഞ്ഞടുപ്പ് പ്രചരണം ആരംഭിക്കാനിരിക്കെ ഡിഒജെ -യുടെ പരിശോധനകള്‍ ബൈഡന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍ മുന്‍കൂറായി നോട്ടീസ് നല്‍കാതെയാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പരിശോധന നടത്തിയതെന്ന് ബോവര്‍ കുറ്റപ്പെടുത്തി.