Monday, April 21, 2025

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പണിമുടക്കിനെ നേരിട്ട് ബ്രിട്ടന്‍

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പണിമുടക്കിനെ നേരിട്ട് ബ്രിട്ടന്‍. സ്‌കൂള്‍ ടീച്ചര്‍മാര്‍, ട്രെയിന്‍ ലോക്കോ പൈലറ്റുമാര്‍ തുടങ്ങി അഞ്ചുലക്ഷത്തോളം വരുന്ന പൊതുമേഖലാ ജീവനക്കാരാണ് ബുധനാഴ്ച പണിമുടക്കിന്റെ ഭാഗമായത്. സര്‍ക്കാര്‍ ജീവനക്കാര്‍, യൂണിവേഴ്സിറ്റി ലക്ചര്‍മാര്‍, ബസ് ഡ്രൈവര്‍മാര്‍, സുരക്ഷാ ഗാര്‍ഡുകള്‍ തുടങ്ങി എല്ലാവരും പണിമുടക്കിന്റെ ഭാഗമാണ്.

നാഷണല്‍ എഡ്യൂക്കേഷന്‍ യൂണിയനില്‍ പെടുന്ന രണ്ടു ലക്ഷം ടീച്ചര്‍മാരാണ് പണിമുടക്കിനോട് സഹകരിക്കുന്നത്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും 23,000 സ്‌കൂളുകളിലെ അധ്യാപകരാണ് പണിമുടക്കുന്നത്. 85 ശതമാനം സ്‌കൂളുകളും അടഞ്ഞുകിടക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ പറയുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ പണിമുടക്കിനെ അനുകൂലിക്കുന്ന സാഹചര്യത്തില്‍ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനത്തെയും പണിമുടക്ക് കാര്യമായി ബാധിച്ചു. ഇംഗ്ലണ്ടിലെ മിക്കവാറും ട്രെയിനുകളും ഓടിയില്ല. ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷം ആദ്യം നടക്കുന്ന വലിയ പണിമുടക്കാണ് ഇത്.

പണിമുടക്കിനെതിരേ നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സമരകാലത്ത് മിനിമം സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള നിയമം കൊണ്ടുവരാനുള്ള നീക്കം പ്രതിഷേധത്തിന് കാരണമായിരുന്നു.

Latest News