Sunday, November 24, 2024

മതനിന്ദാ നിയമങ്ങളില്‍ വരുത്തുന്ന ഭേദഗതി പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് ഭീഷണിയാകുന്നു

മതനിന്ദാ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള നീക്കങ്ങള്‍, പാക്കിസ്ഥാനില്‍ ക്രൈസ്തവ വിഭാഗങ്ങളിലും മറ്റു ന്യൂനപക്ഷങ്ങളിലുമുള്ള നിരപരാധികളെ ശിക്ഷിക്കുന്നത് എളുപ്പമാക്കുമെന്ന് വിലയിരുത്തി ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ സംഘടന. ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ ട്രസ്റ്റി ജൂലിയറ്റ് ചൗധരി ആണ് പാക്കിസ്ഥാനിലെ പുതിയ നിയമനിര്‍മ്മാണങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചത്.

പാക്കിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ ‘കടുത്ത പീഡനം’ അനുഭവിക്കുന്നെന്നും മതനിന്ദാ നിയമങ്ങള്‍ കര്‍ശനമാക്കുന്നത് അവരെ ബാധിക്കുമെന്നും സംഘടന പറയുന്നു. ഇസ്ലാമിനെ വ്രണപ്പെടുത്തുന്ന ഏതൊരാള്‍ക്കും നിയമങ്ങള്‍ ഇതിനകം തന്നെ വധശിക്ഷ നല്‍കുന്നു. ഇപ്പോള്‍, പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി മുഹമ്മദ് നബിയുടെ ഭാര്യമാരെയും അനുചരന്മാരെയും കുടുംബാംഗങ്ങളെയും അപമാനിക്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ തടവ് ശിക്ഷ 10 വര്‍ഷമായി ഉയര്‍ത്തി. മുമ്പ് ഇത് പരമാവധി ഏഴു വര്‍ഷമായിരുന്നു. കൂടാതെ, ശിക്ഷാനിയമത്തിലെ ആര്‍ട്ടിക്കിള്‍ 298 -ലെ ഭേദഗതിപ്രകാരം ഒരു മില്യണ്‍ രൂപ ഏകദേശം 4,500 ഡോളര്‍ പിഴയും ചുമത്താന്‍ പുതിയ നിയമം അനുശാസിക്കുന്നു.

1980 -കളില്‍ ഇസ്ലാമികവത്ക്കരിക്കപ്പെട്ടതു മുതല്‍ വിവേചനത്തിനും പീഡനത്തിനുമുള്ള ഒരു ഉപകരണമാണ് പാക്കിസ്താനിലെ മതനിന്ദാ നിയമങ്ങള്‍. ബ്രിട്ടീഷുകാര്‍ ആദ്യമായി മതനിന്ദാ നിയമം കൊണ്ടുവന്ന 1860 മുതല്‍ 1985 വരെ 10 മതനിന്ദാ കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പിന്നീട് ഇത് ക്രമാതീതമായി ഉയരുന്ന കാഴ്ചയാണ് കണ്ടത്. പലപ്പോഴും ക്രൈസ്തവരെ കുടുക്കുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനുമാണ് ഈ നിയമങ്ങള്‍ കൂടുതലും ആയുധമാക്കുന്നത്.

 

Latest News