വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികള്‍ പണം തിരികെ നല്‍കിയെന്ന് കേന്ദ്രം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരാണ് പണം തിരികെ നല്‍കിയതെന്നും ഇവര്‍ ബാങ്കുകള്‍ക്ക് തിരികെ നല്‍കിയത് 18,000 കോടി രൂപയാണെന്നും കേന്ദ്രം അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഇഡിയുടെ അധികാരം സംബന്ധിച്ച കേസിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 22586 കോടി രൂപ വായ്പയെടുത്താണ് രാജ്യം വിട്ടത് . ഇതില്‍ 18170 കോടി രൂപയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം സ്വത്തുക്കളില്‍ നിന്ന് ഇഡി കണ്ടുകെട്ടിയിട്ടുള്ളത്. ഇതില്‍ 9371 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും ഇഡി കൈമാറിയിരുന്നു. ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം.
ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് മദ്യ വ്യവസായിയായ വിജയ് മല്യക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ കത്തുകള്‍ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് വജ്രവ്യവസായിയായ നീരവ് മോദിക്കെതിരായ കേസ്. നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 14000ത്തോളം കോടി രൂപയാണ് വായ്പ രൂപേണ ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് 4700 കേസുകള്‍ ഇഡി അന്വേഷിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.