Monday, November 25, 2024

ലഡാക്കിന്റെ അടിസ്ഥാന വികസനത്തിനായി ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സദ്ഭാവന പദ്ധതി

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ അടിസ്ഥാന വികസനത്തിനായി ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ സദ്ഭാവന പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളും സുസ്ഥിര വികസന പദ്ധതികളും സംഘടിപ്പിക്കുന്നു. ലഡാക്കിന്റെ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍.

വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് ലഡാക്കിലെ കുട്ടികള്‍ക്ക് സൈന്യം നിലവില്‍ ഏഴ് ആര്‍മി ഗുഡ്വില്‍ സ്‌കൂളുകള്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ 2000 കുട്ടികളാണ് പഠിക്കുന്നത്.

ലഡാക്കിന്റെ സുസ്ഥിര വികസനത്തിനും വിദ്യാഭ്യാസം, കായികം, ആരോഗ്യം എന്നിവക്കായി ആകെ 8.82 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതുകൂടാതെ കമ്മ്യൂണിറ്റി ഹാളുകള്‍, ജലവിതരണ പദ്ധതികള്‍, ജനറേറ്ററുകള്‍, സോളാര്‍ ലൈറ്റിംഗ്, മരങ്ങള്‍ വളര്‍ത്തല്‍, കുഴല്‍ക്കിണറുകള്‍ സ്ഥാപിക്കല്‍, ഗ്രാമ റോഡുകളുടെയും ട്രാക്കുകളുടെയും നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍ ആവശ്യമായ ഉപകരണങ്ങള്‍ എന്നിവയും വികസന പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

നിലവില്‍ ലഡാക്കില്‍ ടോയ്‌ലറ്റ് നിര്‍മ്മാണവും, കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ്് വിതരണവും, വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് സ്‌പോര്‍ട്‌സില്‍ പ്രോത്സാഹനം നല്‍കുന്നുമുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ വിദൂര പ്രദേശങ്ങളിലെ വികസനത്തിനായി 74 പദ്ധതികള്‍ അനുവദിച്ചിട്ടുണ്ടെന്ന് സൈന്യം പറഞ്ഞു.

ലഡാക്കിന്റെ വിദൂര പ്രദേശങ്ങളിലെ സ്ത്രീ ശാക്തീകരണവും ഉറപ്പ് വരുത്തുന്നുണ്ട്. സ്ത്രീകള്‍ക്കായി വിവിധ കൈത്തൊഴിലുകള്‍ക്കുള്ള പരിശീലന ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ പ്രൊഫഷണല്‍ കോളേജുകളിലേക്കും സ്ഥാപനങ്ങളിലേക്കും പ്രവേശനത്തിനായി കാര്‍ഗിലിലെ പെണ്‍കുട്ടികള്‍ക്ക് ‘കാര്‍ഗില്‍ ഇഗ്നൈറ്റഡ് മൈന്‍ഡ്സ്’ എന്ന പദ്ധതി ആരംഭിച്ചു.

ദേശീയോദ്ഗ്രഥന പര്യടനങ്ങള്‍, സ്ത്രീശാക്തീകരണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വിദ്യാഭ്യാസം, രാഷ്ട്രനിര്‍മ്മാണത്തിനുവേണ്ടിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഓപ്പറേഷന്‍ സദ്ഭാവനയിലൂടെ കൈവരിച്ച നേട്ടങ്ങള്‍.

 

 

 

Latest News