ചിലിയിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് അഗ്നിശമന സേനാംഗം ഉള്‍പ്പെടെ 13 പേര്‍ക്ക് ദാരുണാന്ത്യം. തലസ്ഥാന നഗരമായ സാന്‍റിയാഗോയില്‍ നിന്നും 500 കിലോമിറ്റര്‍ അകലെയുള്ള ബയോബിയോയിലെ സാന്താ ജുവാനയിലില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഏകദേശം 14,000 ഹെക്ടര്‍ (35,000 ഏക്കര്‍) വനഭൂമി കത്തിനശിച്ചതായി പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ തെക്കന്‍മേഖലകളില്‍ തുടരുന്ന ഉഷ്ണക്കാറ്റിനോടനുബന്ധിച്ചാണ് കാട്ടുതീ പടര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഗ്രൗണ്ട് ഉപകരണങ്ങളും വിമാനങ്ങളും ഉപയോഗിച്ച് അഗ്നിശമനാസേന തീ അണക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രദേശത്തെ ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും സുരക്ഷാസേന വെളിപ്പെടുത്തി.
കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ ഇതിനോടകം നിരവധി കുടുംബങ്ങളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായാണ് ചിലിയന്‍ ഡിസാസ്റ്റര്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. തീപിടുത്തം മൂലം പല ഹൈവേകളിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്നും എജന്‍സി റിപ്പോർട്ട് ചെയ്തു. അതേസമയം, പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്, തന്റെ വേനല്‍ക്കാല അവധി ചുരുക്കി ന്യൂബിളിലേക്കും ബയോബിയോയിലേക്കും എത്തി. “ദുരന്തമുഖത്ത് ആവശ്യമായ എല്ലാ കാര്യങ്ങളും ഉറപ്പാക്കും. ആളുകള്‍ക്ക്, തങ്ങൾ ഒറ്റപ്പെട്ടുവെന്ന ചിന്ത ഉണ്ടാകാന്‍ അനുവദിക്കില്ല” – ബോറിക് പറഞ്ഞു. രാജ്യത്തുടനീളം 39 തീപിടുത്തങ്ങള്‍ ഉണ്ടായെന്നും നൂറുകണക്കിന് വീടുകള്‍ക്ക് നാശം സംഭവിച്ചെന്നും ആഭ്യന്തരമന്ത്രി കരോലിന തോഹയും വ്യക്തമാക്കി.