സൈന്യത്തിലേക്ക് പൗരന്മാരെ തെരഞ്ഞെടുക്കാനുള്ള അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് രീതിയില്‍ മാറ്റം വരുത്തി കരസേന. റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികളുടെ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്താനാണ് പുതിയ തീരുമാനം. തുടര്‍ ഘട്ടങ്ങളിലായി ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയും നടത്തും. പുതിയ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വിജ്ഞാപനം കരസേന പുറപ്പെടുവിച്ചു.
റിക്രൂട്ട്‌മെന്റ് ചെലവും ഉദ്യോഗസ്ഥ വിന്യാസവും കുറക്കുന്നതിന്റെ ഭാഗമായാണ് കരസേനയുടെ നടപടി. നിലവിലെ രീതി പ്രകാരം ആദ്യം ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയുമായിരുന്നു നടത്തിയിരുന്നത്. സൈന്യത്തിലേക്ക് താല്‍ക്കാലിക റിക്രൂട്ട്‌മെന്റിന് വഴിയൊരുക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
സേനയുടെ ധാര്‍മികതയെയും ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തലുണ്ടായി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ നാല് വര്‍ഷത്തേക്ക് സൈന്യത്തില്‍ റിക്രൂട്ട് ചെയ്യുന്നതാണ് പദ്ധതി. ഇതില്‍ 25 ശതമാനം പേരെ നാല് വര്‍ഷത്തിന് ശേഷം സൈന്യത്തില്‍ സ്ഥിരപ്പെടുത്തും. പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ചില സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ അക്രമാസക്തമാവുകയും ചെയ്തിരുന്നു.