ഇന്ത്യന്‍ നിര്‍മ്മിത മരുന്നു കമ്പനിയായ ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയറില്‍ റെയ്ഡ്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും തമിഴ്നാട്ടിലെ ഡ്രഗ് കണ്‍ട്രോളറും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കമ്പനി ഉത്പാദിപ്പിക്കുന്ന ഐ ഡ്രോപ്പുകള്‍ക്ക് ഗുണനിലവാരമില്ലെന്ന യുഎസിന്‍റെ ആരോപണത്തിന് പിന്നാലെയാണ് പരിശോധന.
ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത്കെയറിന്റെ ഐ ഡ്രോപ്പുകള്‍ ബാക്ടീരിയകളാല്‍ മലിനമായതാണെന്നാണ് യുഎസ് ഹെല്‍ത്ത് അതോറിറ്റിയുടെ ആരോപണം. കമ്പനിയുടെ കൃത്രിമ കണ്ണീര്‍ ലൂബ്രിക്കന്റ് ഐ ഡ്രോപ്പുകള്‍ ഉപയോഗിച്ച ആളുകളുടെ കാഴ്ച്ച നഷ്ടപ്പെട്ടെന്നും ഒരു മരണം സംഭവിച്ചതായും യുഎസ് ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ കമ്പനിയില്‍ പരിശോധന നടത്തിയത്.
അതേസമയം, ഐ ഡ്രോപ്പുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മരുന്നുകളെല്ലാം കമ്പനി തിരികെ വിളിച്ചു. ഉല്‍പ്പന്നം കൈവശമുള്ള മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ ഇത് ഉപയോഗിക്കരുതെന്നും കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്.