പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭരയിലേയ്ക്കുള്ള മറ്റൊരു ചുവടുവെയ്പ്പിന് കൂടി രാജ്യം സാക്ഷ്യം വഹിക്കുന്നു. കര്‍ണാടകയില്‍ ആരംഭിക്കുന്ന ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ഹെലികോപ്റ്റര്‍ നിര്‍മ്മാണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണ കേന്ദ്രമാണിത്. ഇവിടെ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് (എല്‍യുഎച്ച്) നിര്‍മ്മിക്കുന്നത്. മൂന്ന് ടണ്‍ ക്ലാസ്സ്, സിംഗിള്‍ എഞ്ചിന്‍ മള്‍ട്ടി പര്‍പ്പസ് യൂട്ടിലിറ്റികളുള്ള ഹെലികോപ്റ്ററുകളാണ് നിര്‍മ്മിക്കുന്നത്. എല്‍സിഎച്ച്, ഐഎംആര്‍എച്ച്, തുടങ്ങിയ ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനായി ഫാക്ടറി വിപുലീകരിക്കും.
കൂടാതെ എല്‍സിഎച്ച്, എല്‍യുഎച്ച് ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപണികളും ഫാക്ടറിയിലുണ്ടാക്കും. രാജ്യത്തെ ഹെലികോപ്റ്ററുകളുടെ മുഴുവന്‍ ആവശ്യങ്ങള്‍ തദ്ദേശീയമായി നിറവേറ്റുന്നതിനായി പ്രാപ്തമാക്കും. ഹെലികോപ്റ്ററുകളുടെ
രൂപകല്പനയും നിര്‍മ്മാണവും എച്ച്എഎല്‍ ഫാക്ടറിയില്‍ നടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത 20 വര്‍ഷത്തിനുള്ളില്‍ മൂന്ന് മുതല്‍ 15 ടണ്‍ വരെ ഭാരമുള്ള പതിനായിരത്തിലധികം ഹെലികോപ്റ്ററുകള്‍ കര്‍ണാടകയിലെ തുമകൂരില്‍ നിര്‍മ്മിക്കാനാണ് എച്ച്എഎല്‍ പദ്ധതിയിടുന്നത്. ഇതിന്റെ ഫലമായി ഈ മേഖലയിലെ 6000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. 2016-ലാണ് ഫാക്ടറിയുടെ തറക്കല്ലിടല്‍ കര്‍മ്മം പ്രധാനമന്ത്രി നിര്‍വ്വഹിച്ചത്. 615 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രീന്‍ഫീല്‍ഡ് ഹെലികോപ്റ്റര്‍ ഫാക്ടറിയാണിത്.