Saturday, April 19, 2025

ആക്രമണങ്ങളും തിരിച്ചടികളും വാശിയോടെ തുടരുന്നു; നീക്കം മഹായുദ്ധത്തിലേയ്‌ക്കോ എന്ന് ആശങ്ക

യുക്രൈനില്‍ റഷ്യയുടെ ആക്രമണം ശക്തമായിരിക്കെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ യുക്രൈന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. രണ്ട് അമേരിക്കന്‍ യുദ്ധ വിമാനത്തെ യുക്രൈന്‍ അതിര്‍ത്തിയില്‍ കണ്ടതായാണ് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു. യുദ്ധം തെരഞ്ഞെടുത്തത് റഷ്യയാണ്. ഈ നടപടി റഷ്യയെ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

യുക്രൈന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ റഷ്യയും ശക്തമാക്കി. മാര്‍ച്ച് മൂന്നു വരെ തെക്കന്‍ റഷ്യയിലെ വിമാനത്താവളങ്ങള്‍ അടച്ചു. അതേസമയം, നിലവില്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കല്‍ പ്രായോഗികമല്ലെന്ന് അമേരിക്ക അറിയിച്ചു. യുക്രൈനിലുള്ള പൗരന്മാരെ ഇപ്പോള്‍ ഒഴിപ്പിക്കാനാകില്ല. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശിച്ചു. മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്.

ലോകത്തെ ആശങ്കയിലാക്കി യുക്രൈനില്‍ റഷ്യ നടത്തുന്നത് വളഞ്ഞിട്ടുള്ള ആക്രമണമാണ്. വ്യോമാക്രമണത്തിന് ഒപ്പം കരമാര്‍ഗവും റഷ്യല്‍ സേന യുക്രൈനിലേക്ക് പ്രവേശിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ആദ്യ ദിവസമുണ്ടായ ആക്രമണങ്ങളില്‍ 7 പേര്‍ക്ക് ജീവഹാനിയുണ്ടായി. ഒഡേസയില്‍ ആറ് പേരും തലസ്ഥാനമായ കീവില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടതെന്നാണ് യുക്രൈന്‍ സ്ഥിരീകരിച്ചത്.

രാവിലെ അഞ്ചുമണിയോടെ(ഇന്ത്യന്‍ സമയം എട്ടര)യാണ് യുക്രൈനില്‍ റഷ്യന്‍ ആക്രമണം ആരംഭിച്ചത്. റഷ്യന്‍ പ്രസിഡന്റിന്റെ യുദ്ധപ്രഖ്യാപനത്തോടെയാണ് സൈനിക നടപടിയുണ്ടായത്. മണിക്കൂറുകള്‍ക്കുള്ളില്‍ കര, വ്യോമ മാര്‍ഗങ്ങളിലൂടെ റഷ്യ യുക്രൈനെ ആക്രമിച്ചു. പുലര്‍ച്ചെ കിഴക്കന്‍ യുക്രൈവ് വഴിയും സഖ്യരാജ്യമായ ബലാറസുമായി ചേര്‍ന്നുമായിരുന്നു ആക്രമണം. രണ്ടുലക്ഷം സൈനികരെയാണ് യുദ്ധഭൂമിയില്‍ റഷ്യ സജ്ജരാക്കിയത്. വ്യോമമാര്‍ഗമുള്ള പട ആദ്യം യുദ്ധം ആരംഭിച്ചു. സമാന്തരമായി യുക്രൈനിലെ ഡോണ്‍ബാസിലേക്ക് റഷ്യന്‍ സൈന്യവും കടന്നു. തലസ്ഥാനമായ കീവില്‍ ആറിടത്ത് മിസൈല്‍ ആക്രമണമുണ്ടായി. യുക്രൈന്‍ നഗരമായ ക്രമറ്റോസ്‌കിലും വ്യോമാക്രമണം നടന്നു. വിറങ്ങലിച്ച യുക്രൈനെ കരമാര്‍ഗവും റഷ്യ ശക്തമായി ആക്രമിച്ചു. സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈലാക്രമണമുണ്ടായതോടെ വ്യോമതാവളങ്ങളെല്ലാം അടച്ചു.

റഷ്യയുടെ ആക്രമണത്തില്‍ ആദ്യം പകച്ചെങ്കിലും പിന്നീട് യുക്രൈന്‍ സൈന്യം തിരിച്ചടിച്ചു. കിഴക്കന്‍ യുക്രൈനില്‍ അഞ്ച് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി സൈന്യം അവകാശപ്പെട്ടു. ഒരു റഷ്യന്‍ ഹെലികോപ്റ്ററും തകര്‍ത്തതായി വാര്‍ത്തകളുണ്ട്. വിമാനങ്ങളിലുണ്ടായിരുന്ന റഷ്യന്‍ സൈനികരെ യുക്രൈന്‍ പിടിച്ചുവച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

Latest News