Tuesday, November 26, 2024

തുർക്കി സിറിയ ഭൂകമ്പത്തിൽ സർക്കാരിന് വീഴ്ച: മരണം 21000 കടന്നു

തുർക്കി സിറിയ ഭൂചലനത്തിൽ മരണ സംഖ്യ 21000 പിന്നിട്ടു. രക്ഷാപ്രവർത്തനം തുടരുമ്പോഴും ഭൂചലനത്തിന് ശേഷം 72 മണിക്കൂർ പിന്നിട്ടത്തോടെ ജീവനോടെ ഇനിയും ആളുകളെ രക്ഷപ്പെടുത്താം എന്ന പ്രതീക്ഷ മങ്ങിയതായാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ ഭൂകമ്പത്തെ തുടര്‍ന്നുള്ള ആദ്യ ഘട്ട രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായതായി തുര്‍ക്കി സർക്കാർ സമ്മതിച്ചു.

“വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നു. ശരിയാണ്, പോരായ്മകളുണ്ട്. തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. എന്നാല്‍ ഇതുപോലൊരു ദുരന്തത്തിന് മുന്‍കൂട്ടി തയാറാവുക സാധ്യമല്ല.”തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാന്‍ പറഞ്ഞു. ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, അവശ്യ മരുന്നുകളുടെ അഭാവവും കടുത്ത ശൈത്യവും കൂടുതല്‍ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യ ഉൾപ്പടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഹായങ്ങൾ ഭൂകമ്പ ബാധിത മേഖലയിൽ എത്തിക്കുന്നതും തുടരുകയാണ്. ദുരന്ത നിവാരണ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 1,10,000 രക്ഷാ പ്രവര്‍ത്തകരാണ് ഇപ്പോള്‍ തുര്‍ക്കിയിലും സിറിയയിലുമായി സജീവമായി രംഗത്തുള്ളത്.

Latest News