Tuesday, November 26, 2024

ഐഎസ്ആര്‍ഒ യുടെ പുതിയ റോക്കറ്റ്, സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം

ഐഎസ്ആര്‍ഒ യുടെ പുതിയ റോക്കറ്റ് സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ രണ്ടാം പരീക്ഷണ വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നടന്നു. രാവിലെ 9.18 നായിരുന്നു വിക്ഷേപണം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7ന് നടന്ന എസ്എസ്എല്‍വി ദൗത്യം പരാജയപ്പെട്ടിരുന്നു. ആദ്യ വട്ടം പാളിയെങ്കിലും രണ്ടാം വട്ടം വിജയത്തിലെത്തിക്കാനുള്ള പ്രയത്നത്തിലാണ് പുതിയ വിക്ഷേപണ വാഹനത്തിന് പിന്നിലെ സംഘം.

ദൗത്യത്തിന് മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിക്കുക. ഐഎസ്ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കന്‍ കമ്പനി അന്റാരിസിന്റെ ജാനസ് 1, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്. 450 കിലോമീറ്റര്‍ ദൂരത്തുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിക്കുക. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയിലൂടെ 750ഓളം പെണ്‍കുട്ടികള്‍ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് ആസാദി സാറ്റ് 2. ഉപഗ്രഹത്തിന് 8.7 കിലോഗ്രാം ഭാരമാണുളളത്.

34 മീറ്റര്‍ ഉയരവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള എസ്എസ്എല്‍വിയുടെ ഭാരം 120 ടണ്ണാണ്. 500 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ്എസ്എല്‍വിക്ക്. മൂന്ന് ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്. ഒന്നാംഘട്ടം 94.3 സെക്കന്റ്, രണ്ടാം ഘട്ടം 113.1 സെക്കന്റ്, മൂന്നാം ഘട്ടം 106.9 സെക്കന്റ്. മൂന്ന് ഘട്ടത്തിലും ഉപയോഗിക്കുന്നത് ഖര ഇന്ധനം മാത്രമാണ്. ഐഎസ്ആര്‍ഒയുടെ എറ്റവും ചെലവ് കുറഞ്ഞ റോക്കറ്റാണ് എസ്എസ്എല്‍വി. കൂടാതെ ഏറ്റവും വേഗത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന റോക്കറ്റുമാണിത്.

 

 

Latest News