തുര്‍ക്കിക്ക് 1.78 ബില്യണ്‍ ഡോളര്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് ലോകബാങ്ക്. രാജ്യത്തും അയല്‍രാജ്യമായ സിറിയയിലും 20,000-ത്തിലധികം പേരുടെ ജീവന്‍ അപഹരിച്ച ഭൂകമ്പത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ധനസഹായം. ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 20,000 കടന്നു. ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഓപ്പറേഷന്‍ ദോസ്ത് എന്ന പേരില്‍ ഇന്ത്യന്‍ സംഘം എത്തിയിട്ടുണ്ട്. തുര്‍ക്കിയില്‍ ദേശീയ ദുരന്തനിവാരണ സേനയ്ക്കൊപ്പം ചേര്‍ന്ന് രക്ഷാദൗത്യം വേഗത്തിലാക്കാന്‍ 51 പേരെക്കൂടി ഇന്ത്യ അയച്ചതായി ദേശീയ ദുരന്ത നിവാരണ സേനാ ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാള്‍ അറിയിച്ചു.
യുദ്ധ മുഖത്ത് നിന്ന് യുക്രൈന്‍ റെസ്‌ക്യൂ വിദഗ്ധതരും തുര്‍ക്കിയില്‍ എത്തിച്ചേര്‍ന്നു. കീവില്‍ നിന്നും 88 പേര്‍ അടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച രാജ്യത്ത് എത്തിയത്. തെരച്ചില്‍-രക്ഷാപ്രവര്‍ത്തന ടീം, ഡോക്ടര്‍മാര്‍, നായകള്‍, അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവരാണ് സംഘത്തിലുള്ളത്. തുര്‍ക്കിയിലെയും സിറിയയിലെയും രക്ഷാപ്രവര്‍ത്തകര്‍ ശ്രമകരമായ ജോലി തുടരുകയാണ്.