Monday, January 27, 2025

ലിഥിയത്തിന്റെ വൻ ശേഖരം രാജ്യത്ത് ആദ്യമായി കണ്ടെത്തി

രാജ്യത്ത് ആദ്യമായി ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തൽ. ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിൽ സലാൽ-ഹൈമാന മേഖലയിലാണ് ലിഥിയം കണ്ടെത്തിയിരിക്കുന്നത്. 5.9 ദശലക്ഷം ടണ്‍ ലിഥിയം ശേഖരമാണ് ഇവിടെ ഉള്ളതെന്നാണ് ഖനന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

“ആദ്യമായാണ് ലിഥിയം ശേഖരം രാജ്യത്തു കണ്ടെത്തുന്നത് , അതും ജമ്മു കശ്‌മീരിൽ.” മൈൻസ് സെക്രട്ടറി വിവേക് ​​ഭരദ്വാജ് പറഞ്ഞു. നോൺ-ഫെറസ് ലോഹമായ ലിഥിയം, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഡിജിറ്റൽ ക്യാമറകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന റീചാർജ് ചെയ്യാവുന്ന ബാറ്ററികളിലെ പ്രധാന ഘടകങ്ങളിലൊന്നാണ്.
ഹാർട്ട് പേസ്മേക്കറുകൾ, കളിപ്പാട്ടങ്ങൾ, ക്ലോക്കുകൾ എന്നിവ പോലുള്ള ചില റീചാർജ് ചെയ്യാനാവാത്ത ബാറ്ററികളിലും ഇത് മുഖ്യഘടകമാണ്.

നിലവിൽ രാജ്യത്തു ലിഥിയം, നിക്കൽ, കൊബാൾട്ട് തുടങ്ങിയ ധാതുക്കൾ ഇറക്കുമതി ചെയ്യുകയാണ്. ഓസ്‌ട്രേലിയയിൽ നിന്നും അർജന്റീനയിൽ നിന്നും ലിഥിയം ഉൾപ്പെടെയുള്ള ധാതുക്കൾ എത്തിക്കാൻ സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതായി ഖനി മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു.

Latest News