തുര്‍ക്കി ഭൂചലനം 72 മണിക്കൂര്‍ പിന്നിടുമ്പോള്‍ പത്ത് മാസം പ്രായമായ കുഞ്ഞിനേയും അമ്മയേയും രക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഉയരുമ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന നിരവധി ആളുകളെയാണ് ഇന്നലെ (വെള്ളിയാഴ്ച) രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
ഭൂകമ്പം നടന്ന് അഞ്ച് ദിവസം പിന്നിട്ടതോടെ ജീവനോടെ ആളുകളെ രക്ഷപെടുത്താന്‍ കഴിയും എന്ന പ്രതീക്ഷ മങ്ങിയതായി രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ അറിയിച്ചിരുന്നു. പിന്നാലെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കിയതോടെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന കുഞ്ഞിനേയും അമ്മയേയും ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ കഴിഞ്ഞത്. കൂടാതെ മറ്റ് പ്രദേശങ്ങളില്‍ നിന്നും നിരവധി ആളുകളെ തകര്‍ന്ന കോൺക്രീറ്റ് പാളികള്‍ക്കിടയില്‍ നിന്നും രക്ഷിക്കാന്‍ സാധിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന്‍റെ ആദ്യഘട്ടത്തില്‍ വീഴ്ച ഉണ്ടായതായി സമ്മതിച്ച തുര്‍ക്കി പ്രസിഡന്‍റ് ഭൂകമ്പബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശിച്ചു. അതേസമയം, തുര്‍ക്കിയിലും സിറിയയിലും ശൈത്യം രൂക്ഷമായി തുടരുന്നതും ദശലക്ഷക്കണക്കിന് ആളുകൾക്ക് വീടില്ലാത്തതും ഭക്ഷണത്തിന്റെ ദൗര്‍ലഭ്യം നേരിടുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇരുരാജ്യങ്ങളിലും ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപത്തിനാലായിരത്തോട് അടുക്കുകയാണെന്നാണ് വിവരം.